സീറോ മലബാര്‍ സഭ സിനഡ് ഇന്ന് മുതല്‍; എറണാകുളം-അങ്കമാലി അതിരൂപതയിലെ അജപാലനം സ്തംഭനാവസ്ഥയിലെന്ന് ചൂണ്ടിക്കാട്ടി വൈദികരുടെ കത്ത്

എറണാകുളം-അങ്കമാലി അതിരൂപതയിലെ അജപാലനം സ്തംഭനാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തിലുള്ള അതിരൂപത സംരക്ഷണ സമിതി സിനഡിന് കത്ത് നല്‍കി.വിശ്വാസികള്‍ ആദരിച്ച് അംഗീകരിക്കുന്ന നാഥനില്ലാത്ത അവസ്ഥയാണ് നിലവില്‍.സഹായമെത്രാന്മാരെ അജപാലനത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.ഈ സ്ഥിതി തുടരാന്‍ അനുവദിച്ചു കൂട. അതിരൂപതയുടെ അജപാലനവും ഭരണപരവുമായ നേതൃത്വത്തിന് അനിവാര്യമായ നിയമനം ഉണ്ടാകണംഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം അതിരൂപതയില്‍ ഉണ്ടായ ഭൂമിക്കച്ചവട പ്രശ്‌നങ്ങളാണെന്നുംഅതിരുപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍,വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് എന്നിവര്‍ സിനഡിലെ മെത്രാന്മാര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2019-08-19 03:00 GMT

കൊച്ചി: സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയേഴാമത് സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് ആരംഭിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ അജപാലനം സ്തംഭനാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി അതിരൂപതയിലെ വൈദികരുടെ നേതൃത്വത്തിലുള്ള അതിരൂപത സംരക്ഷണ സമിതി സിനഡിന് കത്ത് നല്‍കി.വിശ്വാസികള്‍ ആദരിച്ച് അംഗീകരിക്കുന്ന നാഥനില്ലാത്ത അവസ്ഥയാണ് നിലവില്‍.സഹായമെത്രാന്മാരെ അജപാലനത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നു.ഈ സ്ഥിതി തുടരാന്‍ അനുവദിച്ചു കൂട. അതിരൂപതയുടെ അജപാലനവും ഭരണപരവുമായ നേതൃത്വത്തിന് അനിവാര്യമായ നിയമനം ഉണ്ടാകണമെന്നും അതിരുപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍,വക്താവ് ഫാ.ജോസ് വൈലിക്കോടത്ത് എന്നിവര്‍ സിനഡിലെ മെത്രാന്മാര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം അതിരൂപതയില്‍ ഉണ്ടായ ഭൂമിക്കച്ചവട പ്രശ്‌നങ്ങളാണ്. ഇത് അതിരുപതയുടെ ആഭ്യന്തര പ്രശ്‌നമാണ്. അത് സഭാ അധ്യക്ഷനെതിരെയുള്ള പൊതു പ്രശ്‌നമായി മാറ്റാനുള്ള ശ്രമങ്ങള്‍ വസ്തുതാ വിരുദ്ധമാണ്.ഈ പ്രശ്വനത്തിലാണ് വത്തിക്കാന്‍ ഇടപെട്ടതും അതിരൂപതയുടെ ഭരണം അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാക്കിയതും ആര്‍ച് ബിഷപിനെ ഒരു വര്‍ഷത്തോളം ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തിയതും.വിഷയം സംബന്ധിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ രണ്ടു കമ്മീഷനുകള്‍ വെച്ച് വര്‍ത്തിക്കാന് റിപോര്‍ട് നല്‍കി.ഇതിന്റെ തുടര്‍ നടപടികള്‍ ചെയ്യാനാണ് വത്തിക്കാന്‍ സിനഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.തുടര്‍ നടപടികള്‍ സിനഡ് പരിഗണിക്കുമ്പോള്‍ ഈ റിപോര്‍ടാണ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമാക്കേണ്ടത്. സംഭവിച്ചിരിക്കുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരം കണ്ടെത്താന്‍ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും സിനഡിന് ഇവര്‍ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.ഇത് കേവലം പണത്തിന്റെ മാത്രം കാര്യമല്ല.മറിച്ച് ധാര്‍മിക പ്രശ്‌നം കൂടിയാണ്. ഭൂമിക്കച്ചവട പ്രശ്‌നങ്ങളുടെ പരിഹാരത്തിനു വേണ്ട സംവിധാനങ്ങള്‍ ഈ സിനഡ് സമ്മേളനം ഉണ്ടാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.എറണാകുളം-അങ്കമാലി അതിരൂപതിയലെ സഹായമെത്രാന്മാരെ അകാരണമായും അനീതിപരമായും അപമാനിച്ച് പീഡിപ്പിച്ചും അതിരൂപതയുടെ അഡ്മിനിസട്രേറ്ററായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ അപമാനിതനാക്കി സ്ഥാനത്ത് നിന്നും നീക്കിയതും തങ്ങളുടെ ഏതാനും വൈദികരെ പോലിസിനെക്കൊണ്ടും പീഡിപ്പിച്ചതും വേദനയോടെ മാത്രമെ തങ്ങള്‍ക്ക് കാണാന്‍ കഴിയു.ഇതില്‍ സിനഡിന് ഉത്തരവാദിത്വമില്ലെന്ന നിലപാട് തങ്ങള്‍ക്കില്ല.ഏകസ്വരാധിപത്യമല്ല ബഹുസ്വരതയുടെ സമ്മേളനമാണ് സിനഡ്.അടിച്ചൊതുക്കുന്ന സംസാരവും പകയും വിദ്വേഷവും പുലര്‍ത്തുന്ന ഭാഷണവും ആര്‍ക്കും ഭൂഷണമല്ല.ഇത്തരം പ്രവണതകള്‍ മൂലം ഭൂരിപക്ഷവും മൗനികളായി മാറുകയും ചിലര്‍ ആധിപത്യത്തിന്റെ അധിക പ്രസംഗങ്ങളില്‍ മുഴുകുകയും ചെയ്യുന്ന പ്രവണതകള്‍ സിനഡില്‍പോലും കടന്നുകുടിയതായി തങ്ങള്‍ ഭയപ്പെടുന്നു.സിനഡ് വിശുദ്ധമായിരിക്കണം.അവിടെ തന്ത്രങ്ങളും ഉപജാപങ്ങള്‍ക്കും വഴിവെയ്ക്കുന്ന പ്രവണതകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും തടയണം.ജൂണ്‍ 26 ന് അതിരൂപത ആസ്ഥാനത്ത് നടന്ന നാടകം ക്രൈസ്തവികതയുടെ സ്പര്‍ശമില്ലാത്തതായിപോയി.ഈ നടപടി സിനഡിലെ മെത്രാന്മാരുടെ അറിവോടെയായിരുന്നുവോയെന്നും കത്തില്‍ ചോദിക്കുന്നു.

സഹായമെത്രാന്മാരെ പുറത്താക്കിയത് വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും ഇടയില്‍ ഉണ്ടാക്കിയ മുറിവ് പരിഹരിക്കാന്‍ കഴിയാത്തവിധം ആഴമേറിയതാണ്.ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്നും പൗരസ്ത്യ സഭകളുടെ കാര്യാലയാധിപന്മാരില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് സഹായ മെത്രാന്മാരെ ഒരു ശിക്ഷാ നടപടികള്‍ക്കും വിധേയരാക്കിയിട്ടില്ലെന്നാണ്. ഇത് സംബന്ധിച്ച് ചില സിനഡ് അംഗങ്ങളും മീഡിയ കമ്മീഷനും എന്തുകൊണ്ടാണ് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും കത്തില്‍ ചോദിക്കുന്നു.സഹായമെത്രാന്മാര്‍ക്കെതിരെ വത്തിക്കാനില്‍ നിന്നും ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് വത്തിക്കാനില്‍ നിന്നോ സിനഡില്‍ നിന്നോ പരസ്യപ്രസ്താനവ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.വിവാദരേഖ കേസില്‍ മാര്‍ ജേക്കബ് മനത്തോടത്തിനെ പോലും പ്രതിയാക്കാന്‍ ഫാ.ജോബി മാപ്രക്കാവിലിന് സിനഡ് അധികാരം നല്‍കിയിരുന്നോയെന്നും ചില അഭിഭാഷകരുടെയും സംഘങ്ങളുടെയും ഹിതത്തിന് കേസ് വിട്ടുകൊടുത്തതിന് ആരാണ് ഉത്തരവാദിയെന്നും ഇവര്‍ കത്തില്‍ ചോദിക്കുന്നു.

11 ദിവസം നീണ്ടു നില്‍ക്കുന്ന സിനഡില്‍ സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില്‍ 57 പേര്‍ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. അനാര്യോഗ്യവും പ്രായാധിക്യവും മൂലം 6 മെത്രാന്മാര്‍ക്ക് സിനഡില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.ഉച്ചകഴിഞ്ഞ് 2.30 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.  

Tags:    

Similar News