ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവെയ്പ്: മൊഴിയെടുക്കാന്‍ നടി ലീന മരിയ പോള്‍ ഹാജരാകണം; പോലീസ് നോട്ടീസ് നല്‍കി

രവി പൂജാരിയുടെ ശബ്ദം തിരിച്ചറിയുന്നതിനും ലീനയുടെ സാമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്താനുമാണ് ലീനയെ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു

Update: 2021-06-05 16:26 GMT

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലനു നേരെ വെടിവെയ്പ് നടത്തിയ കേസില്‍ മൊഴിയെടുക്കലിന് ഹാജരാകാനാവശ്യപ്പെട്ട് കേസിലെ പരാതിക്കാരിയായ നടി ലീന മരിയ പോളിന് പോലിസ് നോട്ടീസ് നല്‍കി. ആക്രമണം നടന്ന് നാല് ദിവസത്തിന് ശേഷം രവി പൂജാരി വാര്‍ത്താ ചാനലില്‍ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്നറിയിച്ചിരുന്നു.രവി പൂജാരിയുടെ ശബ്ദം തിരിച്ചറിയുന്നതിനും ലീനയുടെ സാമ്പത്തിക സ്രോതസ്സുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതില്‍ വ്യക്തത വരുത്താനുമാണ് ലീനയെ വിളിച്ചു വരുത്തുന്നതെന്നാണ് വിവരം.രവി പൂജാരിയുടെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു.

ബ്യൂട്ടി പാര്‍ലര്‍ വെടി വെയ്പ് കേസില്‍ പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിന്റെ പങ്കിനെക്കുറിച്ചും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി കസ്റ്റഡിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന രാജ്യാന്തര കുറ്റവാളി രവി പൂജാരിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.കാസര്‍കോട്ടെ ഗുണ്ടാ നേതാവായ ജിയയെ മാത്രമേ തനിക്ക് അറിയുയെന്നും ഇയാള്‍ അറിയിച്ചത് പ്രകാരമാണ് ലീന മരിയയെ വിളിച്ച് ഭീഷണിപ്പെടുത്തിയതും പിന്നീട് വെടിവയ്പ്പ് നടത്തിയതെന്നുമാണ് രവി പൂജാരി ആദ്യം ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.

ജിയയാണ് ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയാല്‍ പണം ലഭിക്കുമെന്ന കാര്യം രവി പൂജാരിയെ അറിയിക്കുന്നത്. തുടര്‍ന്ന് രവി പൂജാരി ഫോണില്‍ വിളിച്ച് ലീനയോട് 25 കോടി ആവശ്യപ്പെട്ടു. വഴങ്ങുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഭീഷണിപ്പെടുത്തി. പിന്നീട് ജിയ വഴി ലീനയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ് നടത്താന്‍ തീരുമാനിച്ചു. ഇതിനായി പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെയാണ് കണ്ടെത്തിയതെന്നുമാണ് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതെന്നാണ് വിവരം.

കേസില്‍ പങ്കാളികളായവരെക്കുറിച്ച് വിവരം ലഭിച്ചതോടെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നണ് വിവരം. ജൂണ്‍ രണ്ടിന് രാത്രി കൊച്ചിയിലെത്തിച്ച രവി പൂജാരിയെ മൂന്ന് ദിവസങ്ങളിലായി സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെയും ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ഈ മാസം എട്ട് വരെയാണ് കോടതി രവി പൂജാരിയെ കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്.കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം.2018 ഡിസംബര്‍ 15 നാണ് ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പുണ്ടായത്.

Tags:    

Similar News