മോട്ടോര്‍ വാഹന വകുപ്പ് ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തില്‍ ;ഇന്ത്യയിലെ ആദ്യ ജില്ലയായി എറണാകുളം

ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീടുകളിരുന്ന് സ്വന്തമാക്കാവുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി ആന്റണി രാജു.ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീടുകളിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും

Update: 2021-09-17 12:47 GMT

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് ഇനി ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തില്‍. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. ആശയ വിനിമയം ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനത്തിലാകുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി എറണാകുളം. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഓണ്‍ലൈനായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീടുകളിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും.

നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സു എടുക്കുന്നതിന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.അഴിമതിക്ക് അവസരം ഒരുക്കാതെ ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വേണം. ഇതിനായി കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആവശ്യമാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഇതു മൂലം ഓരോ വാഹനങ്ങളും എവിടെയാണെന്നും ഏത് റോഡിലൂടെയാണ് സഞ്ചരിക്കുന്നതെന്നും മനസിലാക്കാന്‍ പറ്റും. ഇത് അപകടവും അഴിമതിയും കുറക്കും.

ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന മാന്‍ ലെസ്സ് വെയ്ബ്രിഡ്ജുകളും സംസ്ഥാന അതിര്‍ത്തികളില്‍ സ്ഥാപിക്കും. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം മറ്റ് പരിശോധനകളില്ലാതെ മനസിലാക്കാന്‍ കഴിയും. ചെക് പോസ്റ്റുകള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം അടുത്ത ഘട്ടത്തില്‍ പാലക്കാട്, ആലപ്പുഴ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ എറണാകുളത്ത് 12 ഓഫീസുകളിലും 34 വാഹനങ്ങളിലും ആണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്. വയര്‍ലെസ് സംവിധാനം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News