ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്റെ ചികില്‍സാ വിവരങ്ങള്‍ ശേഖരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് ; അമ്മയും മകളും അറസ്റ്റില്‍
പാലാ ഓലിക്കല്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ എരൂര്‍ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ളാറ്റില്‍ താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യന്‍(59),മകള്‍ അനിത ടി ജോസഫ്(29) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.
കൊച്ചി:ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്റെ ചികില്‍സാ വിവരങ്ങള്‍ ശേഖരിച്ച് ആള്‍മാറാട്ടം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അമ്മയും മകളും പോലിസ് പിടിയില്‍.പാലാ ഓലിക്കല്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ എരൂര്‍ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ളാറ്റില്‍ താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യന്‍(59),മകള്‍ അനിത ടി ജോസഫ്(29) എന്നിവരെയാണ് ചേരാനെല്ലൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പെരുമ്പാവൂര്‍ രായമംഗലം ഭാഗത്തുള്ള പ്രവീണ്‍ മന്മഥന്‍ എന്നയാളുടെ മകളുടെ ചികില്‍സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂഖ് ചെറുപ്പുളശേരി മുഖാന്തിരം സമൂഹ മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് പോസ്റ്റ് ഇടുകയും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ ചികില്‍സ തുടരവെ ഈ മാസം ഏഴിന് പ്രവീണിന്റെ പരിചയക്കാനായ ഡോക്ടര്‍ വിളിച്ച് പ്രവീണിന്റെ മകളുടെ ഫോട്ടോയും പ്രതികളുടെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ നമ്പറും കൃപാസനം പ്രസാദവര മാതാവ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കണ്ടതായി വിവരം നല്‍കി.തുടര്‍ന്ന് പ്രവീണ്‍ ഈ വിവരം ചൂണ്ടിക്കാട്ടി ചേരാനെല്ലൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ ചികില്‍സയ്ക്കായുള്ള പോസ്റ്റുകളില്‍ പ്രതികളുടെ അക്കൗണ്ട് ചേര്‍ത്ത് ഇതിലൂടെ ലഭിച്ച ഏകദേശം ഒരു ലക്ഷം രൂപയോളം പിന്‍വലിച്ച് സുഖജീവിത നയിക്കുകയാണെന്ന് കണ്ടെത്തി.
തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ചേരാനെല്ലൂര്‍ സി ഐ കെ ജി വിപിന്‍കുമാര്‍,എസ് ഐ സന്തോഷ് മോന്‍,എഎസ് ഐ വി എ ഷക്കൂര്‍,പി പി വിജയകുമാര്‍,സീനിയര്‍ സിപിഒ സിഗോഷ് പോള്‍,ഷീബ, സിപിഒ പ്രശാന്ത് ബാബു,പ്രിയ,ജിനി,ജാന്‍സി എന്നിവര്‍ ചേര്‍ന്ന് പ്രതികളെ അറസ്റ്റു ചെയ്തു.തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എസിപി ലാല്‍ജി പറഞ്ഞു.