ഡ്യൂട്ടി ഡോക്ടര്‍ക്ക് മര്‍ദ്ദനം: പോലീസ് ഒത്തുകളിക്കുന്നുവെന്ന്; നാളെ എറണാകുളം എസ് പി ഓഫിസിനുമുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഐഎംഎ
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ധര്‍ണ്ണയില്‍ ഐഎംഎയോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ മറ്റ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഐഎംഎ കൊച്ചി ശാഖാ പ്രസിഡന്റ് ഡോ.ടി വി രവി പറഞ്ഞു
കൊച്ചി : ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ കൊച്ചി ശാഖയുടെ നേതൃത്വത്തില്‍ നാളെ എറണാകുളം റൂറല്‍ പോലീസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പ്രസിഡന്റ് ഡോ.ടി വി രവി, സെക്രട്ടറി ഡോ.അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ പറഞ്ഞു.രാവിലെ 10ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി ടി സഖറിയാസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
ഇക്കഴിഞ്ഞ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിയോടെ പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കൊവിഡ് ലക്ഷണങ്ങളുളള ഭാര്യയ്ക്കും കുട്ടികള്‍ക്കും ചികില്‍സ തേടി എത്തിയ വ്യക്തിയാണ് ഡ്യൂട്ടി ഡോക്ടറായ ജീസണ്‍ ജോണിയെ അസഭ്യം പറയുകയും, കൈയ്യേറ്റം നടത്തുകയും ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. എടത്തല പോലിസ് ഐപിസി 323,294(ബി),506 വകുപ്പുകള്‍ക്ക് പുറമെ 2012ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും 10 ദിവസമായിട്ടും പോലിസ് പ്രതിയെ അറസ്റ്റ് ചെയ്യ്തിട്ടില്ല.
നാട്ടില്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്ന പ്രതി ഒളിവിലെന്നാണ് പോലിസ് ഭാഷ്യം. ഇത് പോലീസിന്റെ ഒത്തുകളിയെയാണ് സൂചിപ്പിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഐഎംഎയുടെ ആവശ്യമെന്നും ഡോ.ടി വി രവി, സെക്രട്ടറി ഡോ.അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ പറഞ്ഞു.റൂറല്‍ പോലിസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ധര്‍ണ്ണയില്‍ ഐഎംഎയോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ മറ്റ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഡോ. രവി പറഞ്ഞു.