വിദ്യാര്‍ഥികള്‍ക്ക് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ സംഭവം: മൂന്നു പേര്‍ കൂടി പിടിയില്‍
കോട്ടയം വിജയപുരം ലൂര്‍ദ് ലിജോ ജോര്‍ജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്പില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. കോട്ടയം വിജയപുരം ലൂര്‍ദ് ലിജോ ജോര്‍ജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടില്‍ അബ്ദുള്‍ സലാം (35), വൈക്കം ഇടത്തി പറമ്പില്‍ മുഹമ്മദ് നിയാസ് (27) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നാഗമ്പടത്ത് വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി നടത്തുന്ന ലിജോ ജോര്‍ജ് വിദ്യാര്‍ഥിയില്‍ നിന്ന് മുപ്പതിനായിരം രൂപ വാങ്ങി യുപി ബോര്‍ഡിന്റെ വ്യാജ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുക്കുകയായിരുന്നു.
മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിയ്ക്ക് 40,000 രൂപ വാങ്ങി മധുര കാമരാജ് യൂനിവേഴ്‌സിറ്റിയുടെ ബിബിഎ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്‍കിയത് അബ്ദുള്‍ സലാമാണ്. പെരിന്തല്‍മണ്ണയില്‍ സ്വകാര്യ സ്ഥാപനം നടത്തുകയാണ് ഇയാള്‍. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന മുഹമ്മദ് നിയാസ് ബാംഗ്ലൂര്‍ യൂനിവേഴ്‌സിറ്റിയുടെ ബികോം സര്‍ട്ടിഫിക്കറ്റാണ് നാല്‍പതിനായിരം രൂപക്ക് തരപ്പെടുത്തി നല്‍കിയതെന്ന് പോലിസ് പറഞ്ഞു.
ഇവരുടെ സ്ഥാപനങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി പണമിടപാടിന്റേയും, സര്‍ടിഫിക്കറ്റുകളുടേയും ഉള്‍പ്പടെ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി എം ബൈജു , എസ്‌ഐ മാരായ അനിഷ് കെ ദാസ്, സണ്ണി, ജയപ്രസാദ് ,എഎസ് ഐ പ്രമോദ്, എസ്‌സി പി ഒ മാരായ നവീന്‍ ദാസ് , റോണി അഗസ്റ്റിന്‍, ജോസഫ്, റെന്നി , അജിത്, യശാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളത്.