യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും; തിങ്കാളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും

മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ടുള്‍ പോലിസ് പരിശോധിക്കുകയാണ്.കഴിഞ്ഞ ദിവസം അറസ്റ്റിലായ മാര്‍ട്ടിനെ ജൂണ്‍ 23 വരെ കോടതി റിമാന്‍ഡ് ചെയ്തതിരുന്നു.കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതി മാര്‍ട്ടിനെയുമായി പോലിസ് കൊച്ചിയിലെ ഫ്‌ളാറ്റിലും ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും.

Update: 2021-06-12 07:05 GMT

കൊച്ചി: ഫാഷന്‍ ഡിസൈനറായ കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ കൊച്ചിയില്‍ ഫ്ളാറ്റില്‍ തടവില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂര്‍ ആഞ്ഞൂര്‍ പുറ്റേക്കര,പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ്(27) നെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിങ്കാളാഴ്ച പോലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.കഴിഞ്ഞ ദിവസം അറസ്റ്റിലായ മാര്‍ട്ടിനെ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ജൂണ്‍ 23 വരെ റിമാന്‍ഡ് ചെയ്തതിരുന്നു.കാക്കനാട് ജില്ലാ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്തത്.

കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതി മാര്‍ട്ടിനെയുമായി പോലിസ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.ഇതിനു ശേഷം ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.ഫ്‌ളാറ്റിലെ അടക്കം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും.മാര്‍ട്ടിന്റെ ബാങ്ക് അക്കൗണ്ടുള്‍ പോലിസ് പരിശോധിക്കുകയാണ്.പീഡനത്തിനിരയാക്കിയ യുവതയില്‍ നിന്നും ഇയാള്‍ 5 ലക്ഷം രൂപ വാങ്ങിയിരുന്നു.മാസം 40,000രൂപ വീതം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പണം വാങ്ങിയിരുന്നത്.43,000 രൂപയാണ് ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിന്റെ പ്രതിമാസ വാടക.ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നതെന്നും ഇത്രയധികം പണം എവിടെ നിന്നും ലഭിക്കുന്നുവെന്ന് കണ്ടെത്തണമെന്നും പോലിസ് കോടതിയെ അറിയിച്ചിരുന്നു.ഇതിന്റെ ഭാഗമായിട്ടാണ് ബാങ്ക് അക്കൗണ്ടുകള്‍ പോലിസ് പരിശോധിക്കുന്നത്.

മാര്‍ട്ടിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സൃഹൃത്തുക്കളായ തൃശൂര്‍ പാവറട്ടി സ്വദേശികളായ ധനീഷ്(29), ശ്രീരാഗ്(27), ജോണ്‍ ജോയി(28) എന്നിവരെയും പോലിസ് അറസ്റ്റു ചെയ്തിരുന്നു.ഇവരും റിമാന്റിലാണ്.ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ തിരിച്ചിലിലാണ് ഒളിവിലായിരുന്ന മാര്‍ട്ടിന്‍ ജോസഫിനെ വ്യാഴാഴ്ച വൈകിട്ട് തൃശൂര്‍ വനമേഖലയില്‍ പേരാമംഗലം അയ്യന്‍ കുന്ന് എന്ന് സ്ഥലത്ത് നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ നിസാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തൃശൂര്‍, കൊച്ചി സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഷാഡോ പോലിസ് ഉള്‍പ്പെടെയുള്ള പോലിസ് സംഘവും 300 ഓളം വരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.

കണ്ണൂര്‍ സ്വദേശിനിയുടെ പരാതി കൂടാതെ മറ്റൊരു യുവതിയും മാര്‍ട്ടിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതു കൂടാതെ മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ ഇനിയുണ്ടെങ്കില്‍ പോലിസിനെ സമീപിക്കണമെന്ന് ചൂണ്ടിക്കാട്ടി പോലിസ് ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരുന്നു.ഇതു പ്രകാരം കൂടുതല്‍ പേര്‍ മാര്‍ട്ടിനെതിരെ പരാതിയുമായി പോലിസിനെ സമീപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലില്‍ വെച്ച് ലൈംഗീകമായും ശാരീരികമായും പ്രതി മാര്‍ട്ടിന്‍ ജോസഫ് ക്രൂരമായി പീഡിപ്പിച്ചത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിച്ചു.യുവതിയില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുക്കുകയും ചെയ്തു.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി ഫ്‌ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടും എന്ന് പറഞ്ഞ് ഫ്‌ളാറ്റിലെ തടങ്കലില്‍ വെച്ച് പീഡനം തുടര്‍ന്നു. ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണ് വെട്ടിച്ച് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടു. യുവതി നല്‍കിയ പരാതിയില്‍ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Tags:    

Similar News