ജിസിഡിഎ ചെയര്‍മാനായി കെ ചന്ദ്രന്‍പിള്ള ചുമതലയേറ്റു ; വിശാല കൊച്ചിയുടെ വികസനത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍
ഇന്ന് രാവിലെയായിരുന്നു ചന്ദ്രന്‍പിള്ള ചുമതലയേറ്റത്. വിശാല കൊച്ചിയുടെ വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും കെ ചന്ദ്രന്‍പിള്ള പറഞ്ഞു. കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്ത് ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊച്ചി:ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോരിറ്റി(ജിസിഡിഎ) ചെയര്‍മാനായി കെ ചന്ദ്രന്‍പിള്ള ചുമതലയേറ്റു.കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്ത് ഇന്ന് രാവിലെയായിരുന്നു സ്ഥാനമേല്‍ക്കല്‍ നടന്നത്.വിശാല കൊച്ചിയുടെ വികസനത്തിനായി രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും കെ ചന്ദ്രന്‍പിള്ള പറഞ്ഞു. ചെയര്‍മാനായി സ്ഥാനമേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന കൊച്ചിയുടെ വിപുലമായ ആവശ്യങ്ങള്‍കൂടി പരിഗണിച്ച് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളേക്കാള്‍ വികസനപരമായ കാഴ്ചപ്പാടിനു മുന്‍തൂക്കം നല്‍കുന്ന അതോറിട്ടിയാണ് ജി.സി.ഡി.എ. അതിനു പരിചയ സമ്പന്നരും വിദഗ്ധരുമായ ഉദ്യോഗസ്ഥര്‍ ജി.സി.ഡി.എയ്ക്ക് ഉണ്ട്. അവരുടെ അനുഭവ സമ്പത്തുംകൂടി പ്രയോജനപ്പെടുത്തിയാകും പ്രവര്‍ത്തനങ്ങള്‍. പുന:സംഘടിപ്പിച്ച എക്‌സിക്യുട്ടീവ് സമിതി, ജനറല്‍ കൗണ്‍സില്‍ എന്നിവയിലെ അംഗങ്ങളായ മേയര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, മന്ത്രിയുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എല്ലാവരും ചേര്‍ന്നാകും പ്രവര്‍ത്തനം. ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയും കാലികമായി തീര്‍ക്കേണ്ടതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാകും വികസനപ്രവര്‍ത്തനങ്ങളെന്നും ചന്ദ്രന്‍പിള്ള പറഞ്ഞു.
ഇപ്പോഴുള്ള വിഭവശേഷിക്ക് അപ്പുറത്ത് ഒട്ടേറെ കാര്യങ്ങള്‍ നമുക്ക് സ്വീകരിക്കേണ്ടിവരും. അന്താരാഷ്ട്രതലത്തില്‍ കൊച്ചി ഒരു ശ്രദ്ധേയ നഗരമാണ്. ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും വിഷമതകള്‍ നേരിടുന്ന ലോകനഗരങ്ങളിലൊന്നായി ഐക്യരാഷ്ട്ര സഭ കണ്ടിട്ടുള്ള നഗരങ്ങളിലൊന്നാണ് കൊച്ചി. ആഗോളതാപനത്തിനെതിരെ മാനവരാശി പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പരിഹാരപ്രവര്‍ത്തനങ്ങളില്‍ വിശാല കൊച്ചിക്കും പങ്കുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേത വിദഗ്ധരുടെ സേവനംകൂടി ഉള്‍പ്പെടുത്തി എല്ലാ ഏജന്‍സികളേയും യോജിപ്പിച്ചാകും കൊച്ചിയുടെയും പ്രാന്തപ്രദേശങ്ങളുടെയും വികസനം.
രാജ്യാന്തര വൈദഗ്ധ്യം, ലോകത്തിലെ വികസിത നഗരങ്ങളില്‍ നിന്നു മാതൃകയാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്നിവ സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ അര്‍ബന്‍ ഡെവലപ്പ്‌മെന്റിന്റെ പുതിയപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങളും കൊച്ചിയില്‍ വരേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരും കൊച്ചിയുടെ വികസനത്തിനു പ്രത്യേക പരിഗണനയാണു നല്‍കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. കൊച്ചി പഴയ കൊച്ചിയല്ല. അതിന് അനുസരിച്ചുള്ള വികസന കാഴ്ച്ചപ്പാടിലാകും പ്രവര്‍ത്തനം. രാഷ്ട്രീയത്തിന് അതീതമായി എല്ലാവിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തിയാകും വികസനം. അതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജി.സി.ഡി.എ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, എംഎല്‍എമാരായ കെ.ജെ മാക്‌സി, ടി.ജെ വിനോദ്, അഡ്വ.പി.വി ശ്രീനിജിന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എസ് അനില്‍കുമാര്‍, സര്‍ക്കാര്‍ പ്രതിനിധികളായ കെ.കെ ഷിബു, എ.ബി സാബു, പി.എ പീറ്റര്‍, മന്ത്രി പി.രാജീവിന്റെ പ്രതിനിധിയായ വി.എം ശശി, ജി.സി.ഡി.എ സെക്രട്ടറി അബ്ദുള്‍ മാലിക്ക്, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.എം ഗോപകുമാര്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.എം സ്വപ്ന എന്നിവരും മുന്‍ മന്ത്രി എസ്.ശര്‍മ, കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍മാരായ അഡ്വ.സി.എന്‍ മോഹനന്‍, അഡ്വ.വി.സലിം, കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ചെയര്‍മാന്‍ സാബു ജോര്‍ജ്, കെ.എം.ഐ മേത്തര്‍, മറ്റ് ജനപ്രതിനിധികള്‍, ഭാരവാഹികള്‍ എന്നിവരും സന്നിഹിതരായിരുന്നു.