കാലടിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം;മുഖ്യ പ്രതി പോലിസ് പിടിയില്‍
കാലടി മാണിക്യമംഗലം നെറ്റിനംപിള്ളി കാരിക്കോത്ത് വീട്ടില്‍ ശ്യാം കുമാര്‍ (34) നെയാണ് കാലടി പോലിസ് പിടികൂടിയത്. ഏപ്രില്‍ 8 ന് ഗോഡ്ബിന്‍ എന്ന യുവാവിനെയാണ് കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
കൊച്ചി: കാലടി മഞ്ഞപ്രയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. കാലടി മാണിക്യമംഗലം നെറ്റിനംപിള്ളി കാരിക്കോത്ത് വീട്ടില്‍ ശ്യാം കുമാര്‍ (34) നെയാണ് കാലടി പോലിസ് പിടികൂടിയത്. ഏപ്രില്‍ 8 ന് ഗോഡ്ബിന്‍ എന്ന യുവാവിനെയാണ് കമ്പി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൃത്യം ചെയ്തതിനു ശേഷം മറ്റു പ്രതികളുമൊന്നിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായി ഒളിവില്‍ കഴിയുകയായിരുന്നു കഴിഞ്ഞ ദിവസം ചാലക്കുടി ഭാഗത്തെത്തിയ പ്രതിയെ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു.എറണാകുളം റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതിലേറെ കേസ്സുകളില പ്രതിയാണിയാളെന്ന് പോലിസ് പറഞ്ഞു.
പ്രതികള്‍ മറ്റൊരു വീട് ആക്രമിച്ച സംഭവം പോലിസിനെ അറിയിച്ചതിലുള്ള പ്രതികാരമായായിരുന്നു ഗോഡ്ബിനെതിരെയുള്ള ആക്രമണം. ഡിവൈഎസ്പി ഇ പി റെജി, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടി എല്‍ സ്റ്റെപ്‌റ്റോ ജോണ്‍, ടി എ ഡേവിസ്, രാജേന്ദ്രന്‍ ,സതീഷ് കുമാര്‍ അസി. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ സത്താര്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ നജാഷ് , നവാബ്, രജിത്ത്,ഇഗ്‌നേഷ്യസ് എന്നിരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു