വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ ബാലവേല ; നാലു പേര്‍ പോലിസ് പിടിയില്‍

കളമശ്ശേരി സ്വദേശികളായ ഗോപി, ലിജോ വര്‍ഗ്ഗീസ്, സെയ്ത് ഇബ്രാഹിം, ഹനീഫ എന്നിവരെയാണ് കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

Update: 2021-06-12 16:11 GMT

കൊച്ചി: വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ 14 വയസ് താഴെയുള്ള ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ടു ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് കരാറുകാര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.കളമശ്ശേരി സ്വദേശികളായ ഗോപി, ലിജോ വര്‍ഗ്ഗീസ്, സെയ്ത് ഇബ്രാഹിം, ഹനീഫ എന്നിവരെയാണ് കളമശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് കളമശ്ശേരി നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വേസ്റ്റ് ഡംപിങ് യാര്‍ഡില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ 14 വയസ്സിന് താഴെയുള്ള ഇതര സംസ്ഥാനക്കാരായ കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തിയത്.

അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് കൊച്ചി സിറ്റിയില്‍ ബാലവേല ഇല്ലാതാക്കുന്നതിനും ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനും, കുട്ടികളുടെ ക്ഷേമവും സുരക്ഷിതത്വവും ശോഭനമായ ഭാവിയും ഉറപ്പാക്കുന്നതിനുമായി ശിശുക്ഷേമ സമിതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശുക്ഷേമ വകുപ്പ്, ചൈല്‍ഡ് ലൈന്‍, സാമൂഹ്യക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, തൊഴില്‍ വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണെന്ന് പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോംഗ്രെ അറിയിച്ചു.

Tags:    

Similar News