കളമശ്ശേരിയില്‍ നിര്‍മ്മാണ ജോലിയ്ക്കിടെ മണ്ണിടിഞ്ഞ് നാലു മരണം; അന്വേഷണ റിപോര്‍ട്ട് കിട്ടിയതിനു ശേഷം തുടര്‍ നടപടിയെന്ന് ജില്ലാ കലക്ടര്‍

എഡിഎമ്മിന്റെ നേതൃത്വത്തില്‍ പോലിസ്,ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി

Update: 2022-03-18 16:28 GMT

കൊച്ചി: കളമശേരിയില്‍ മണ്ണിടിഞ്ഞ് നാലു പേര്‍ മരിക്കാനിടയായ സംഭവം സംബന്ധിച്ച് അന്വേഷണ റിപോര്‍ട്ട് കിട്ടിയതിനു ശേഷം തുടര്‍നടപടിയെടുക്കുമെന്ന്് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്.എഡിഎമ്മിന്റെ നേതൃത്വത്തില്‍ പോലിസ്,ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെയുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.സൈറ്റ് കസ്റ്റഡിയില്‍ എടുത്തിരിക്കുയാണെന്നും കലക്ടര്‍ അറിയിച്ചു.

സ്വകാര്യ ബിസിനസ് കമ്പനിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.എന്നാല്‍ തൊഴിലാളികളെ ഉപയോഗിച്ചുള്ള നിര്‍മ്മാണ ജോലി ഷംസുദ്ദീന്‍ എന്നയാള്‍ക്ക് കരാറ് നല്‍കിയിരിക്കുകയാണ്.എന്തു തരത്തിലുള്ള ജോലികളാണ് നടന്നു വന്നിരുന്നതെന്ന് കണ്ടെത്താനുണ്ട്.സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണത്തില്‍ മാത്രമെ വ്യക്തമാകുവെന്നും കലക്ടര്‍ വ്യക്തമാക്കി.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ ഇന്ന് ഉച്ചയക്ക് ഒന്നരയോടെയാണ് അപകടം നടന്നതെന്നാണ് പറയുന്നു.അപകട വിവരം പുറം ലോകമറിഞ്ഞത് രണ്ടു മണിക്കു ശേഷമാണ്.25 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ആഴത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏഴു പേരാണ് മണ്ണിനടിയില്‍ പെട്ടതെന്നായിരുന്നു തുടക്കത്തില്‍ തൊഴിലാളികള്‍ നല്‍കിയ വിവവരം.

ഒരാള്‍ സ്വയം രക്ഷപെട്ടുവെന്നാണ് വിവരം, മറ്റു രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂനിറ്റുകളും പോലിസും ഡോഗ്‌സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ നാലു പേരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍,കുദൂസ് മണ്ഡല്‍,നജേഷ് അലി,നൂര്‍ അമീന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്.ആശുപത്രിയില്‍ എത്തിച്ചവരില്‍ രണ്ടു പേര്‍ അപകട നില തരണം ചെയ്തു.സിയാവുല്‍, ഫറൂഖ് എന്നിവരാണ് അപകട നില തരണം ചെയ്തത്.

Tags:    

Similar News