ബേക്കറിയില്‍ നിന്നും ഒരു ലക്ഷം രൂപയും ബൈക്കും മോഷ്ടിച്ച സംഭവം: ജീവനക്കാരന്‍ പിടിയില്‍

നിരവധി കേസുകളിലെ പ്രതിയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി പ്രസാദ് (32) ആണ് കുന്നത്തുനാട് പോലിന്റെ പിടിയിലായത്. കിഴക്കമ്പലത്തെ ബേക്കറിയില്‍ നിന്നുമാണ് ഇയാള്‍ പണവും ബൈക്കുമായി കടന്നു കളഞ്ഞത്

Update: 2021-10-29 10:43 GMT

കൊച്ചി: ജോലി ചെയ്യുന്ന ബേക്കറിയില്‍ നിന്നും ഒരു ലക്ഷം രൂപയും ബൈക്കുമായി കടന്നു കളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി പ്രസാദ് (32) ആണ് കുന്നത്തുനാട് പോലിന്റെ പിടിയിലായത്. കിഴക്കമ്പലത്തെ ബേക്കറിയില്‍ നിന്നുമാണ് ഇയാള്‍ പണവും ബൈക്കുമായി കടന്നു കളഞ്ഞത്. ജോലിക്ക് കയറിയശേഷം എല്ലാവരുടേയും വിശ്വാസം ആര്‍ജ്ജിച്ച് അവിടെനിന്നും മോഷണം നടത്തുകയാണ് ഇയാളുടെ രീതിയെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ 13 ന് കിഴക്കമ്പലത്തും ഇതു തന്നെയാണ് ചെയ്തത്. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. പിടികൂടിയ സമയം ഇയാളുടെ കൈവശം ആലുവയിലെ ലോഡ്ജില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പടമുകളിലെ ഒരു ഹോസ്റ്റലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച് ആലുവയില്‍ വില്‍പ്പന നടത്തിയതായി പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു.

ബൈക്ക് ആലുവ ചൂണ്ടിയില്‍ നിന്നും പോലിസ് കണ്ടെടുത്തു. ഇയാള്‍ക്കെതിരെ 2005 മുതല്‍ തൃശ്ശൂര്‍ ഈസ്റ്റ്, ചാലക്കുടി, പേരാമംഗലം, തൃശ്ശൂര്‍ വെസ്റ്റ്, കോട്ടയം ഗാന്ധിനഗര്‍, കോട്ടയം എരുമേലി, തൃക്കാക്കര, എറണാകുളം സെന്‍ട്രല്‍ എന്നീ സ്‌റ്റേഷനുകളിലായി പതിനാറ് മോഷണ കേസുകളുണ്ടെന്നും മൂന്നര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുമുണ്ടെന്നും പോലിസ് പറഞ്ഞു.പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാല്‍, കുന്നത്തുനാട് ഇന്‍സ്‌പെക്ടര്‍ വി ടി ഷാജന്‍,എസ്‌ഐ കെ ടി ഷൈജന്‍, എഎസ് ഐ കെ എ നൗഷാദ് ,സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി എ അബ്ദുല്‍ മനാഫ് കെ എ അഫ്‌സല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News