കുട്ടമ്പുഴ ആദിവാസി ഊരുകളില്‍ 157 പേര്‍ക്ക് കൊവിഡ്
കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസികുടികളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി , കവളങ്ങാട്, പൈങ്ങോട്ടൂര്‍, കല്ലാരിമംഗലം, കോമതമംഗലം എന്നീ ഡിസിസികളിലേക്കാണ് ഇവരെ മാറ്റുന്നത്
കൊച്ചി: കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസികുടികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചവരെ കോതമംഗലം താലൂക്കിലെ വിവിധ ഡിസിസികളിലേക്ക് മാറ്റുന്ന നടപടി അന്തിമഘട്ടത്തില്‍. ഉള്‍വനത്തിലെ ആദിവാസി കുടികളില്‍ കൊവിഡ് രോഗബാധ ഉണ്ടായ സാഹചര്യത്തിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി വ്യാപക പരിശോധന നടത്തിയത്.
ആദിവാസികുടികളില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ 264 ആര്‍ടിപിസിആര്‍ പരിശോധനയില്‍ 157 പേരില്‍ രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി , കവളങ്ങാട്, പൈങ്ങോട്ടൂര്‍, കല്ലാരിമംഗലം, കോമതമംഗലം എന്നീ ഡിസിസികളിലേക്കാണ് ഇവരെ മാറ്റുന്നത്. വനപാതയിലൂടെ എട്ട് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവരെ ബ്ലാവന കടവില്‍ എത്തിക്കുന്നത്.
മഴ കനക്കുന്നതിന് മുന്‍പ് മുഴുവന്‍ പേരെയും ഡിസിസികളില്‍ എത്തിക്കുവാനാണ് കോതമംഗലം തഹസീല്‍ദാര്‍ കെ എം നാസറിന്റെ നേതൃത്വത്തില്‍ റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പോലിസ്, ട്രൈബല്‍, വനം വകുപ്പുകളെ ഏകോപ്പിച്ചുള്ള പ്രവര്‍ത്തനം. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വാരിയം കോളനിയില്‍ മെഗാ പരിശോധനാ ക്യാംപ് നടത്തും.