ഞവര മുതല്‍ കാട്ട് നെല്ല് വരെ; വഴിക്കുളങ്ങരയില്‍ സുഗന്ധ ഔഷധ നെല്‍കൃഷി തുടങ്ങി

കേരളത്തിന്റെ തനത് നെല്ലിനമായ ഞവര, രാജാക്കന്‍മാരുടെ ഭക്ഷണമായ രക്തശാലി, നെല്ലിക്കയുടെ ഗുണമുള്ള ഡാബര്‍ശാല, വയനാടിന്റ തനത് നെല്ലിനമായ കുഞ്ഞന്‍തൊണ്ടി, കാടുകളില്‍ മാത്രം കണ്ടിരുന്ന വയലറ്റ് നിറമുള്ള ഓലയുള്ള കറുവാച്ചിയെന്ന കാട്ട് നെല്ല്, മല്ലിക്കുറുവ എന്ന ഔഷധ നെല്ല് തുടങ്ങി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന നെല്ലിനങ്ങളുടേതാണ് കൃഷി

Update: 2021-08-05 12:15 GMT

കൊച്ചി: വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത സുഗന്ധ ഔഷധ നെല്‍കൃഷിക്ക് വഴിക്കുളങ്ങരയില്‍ തുടക്കമായി. കര്‍ഷകനായ സോമന്‍ ആലപ്പാട്ടിന്റെ കൃഷിയിടത്തിലാണ് നെല്‍കൃഷി. ആറ് ഇനം സുഗന്ധ ഔഷധ നെല്ലുകളാണ് കൃഷി ചെയ്യുന്നത്. വയനാട്ടിലെ പരമ്പരാഗത കര്‍ഷകനും ഔഷധ നെല്ലിനങ്ങളുടെ സംരക്ഷകനുമായ പ്രസീദ് കുമാറില്‍ നിന്നുമാണ് വിത്തുകള്‍ ശേഖരിച്ചത്.

കേരളത്തിന്റെ തനത് നെല്ലിനമായ ഞവര, രാജാക്കന്‍മാരുടെ ഭക്ഷണമായ രക്തശാലി, നെല്ലിക്കയുടെ ഗുണമുള്ള ഡാബര്‍ശാല, വയനാടിന്റ തനത് നെല്ലിനമായ കുഞ്ഞന്‍തൊണ്ടി, കാടുകളില്‍ മാത്രം കണ്ടിരുന്ന വയലറ്റ് നിറമുള്ള ഓലയുള്ള കറുവാച്ചിയെന്ന കാട്ട് നെല്ല്, മല്ലിക്കുറുവ എന്ന ഔഷധ നെല്ല് തുടങ്ങി വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന നെല്ലിനങ്ങളുടേതാണ് കൃഷി.വെള്ളക്കെട്ടുള്ള മൂന്നേക്കര്‍ ചതുപ്പ് നിലം കൃഷിയോഗ്യമാക്കിയാണ് കൃഷി ചെയ്യുന്നത്.

വൃക്ഷായുര്‍വേദ വിധി പ്രകാരം ചെയ്യുന്ന കൃഷിയ്ക്കായി വളങ്ങളും ജൈവ കീടനാശിനികളും കൃഷിഭവന്‍ വഴി സൗജന്യമായി നല്‍കി. ഇവ നിര്‍മ്മിക്കുന്നതിനായി കോട്ടുവള്ളി പഞ്ചായത്തില്‍ രണ്ട് ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പുകള്‍ (എഫ്‌ഐജി) ഉണ്ട്. അഞ്ച് മുതല്‍ പത്ത് വരെ കര്‍ഷകര്‍ ഓരോ ഗ്രൂപ്പിലും ഉണ്ടാകും. നെല്‍കൃഷിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി, അവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രണ്ട് ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പുകള്‍ നിലവിലുണ്ട്.

എല്ലാ നെല്ലിനങ്ങളും 100 മുതല്‍ 130 ദിവസത്തില്‍ വിളവെടുക്കാം. കൃഷിയില്‍ നിന്ന് ലഭിക്കുന്ന നെല്ലുകള്‍ ശേഖരിച്ച് അവയുടെ വിത്തുകള്‍ മറ്റ് കര്‍ഷകര്‍ക്ക് കൃഷിഭവന്‍ വഴി നല്‍കും. പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. കോട്ടുവള്ളി പഞ്ചായത്തില്‍ 250 ഏക്കര്‍ സ്ഥലത്താണ് പദ്ധതിയുടെ കീഴില്‍ കൃഷി ചെയ്യുന്നത്.

Tags:    

Similar News