തയ്യല്‍ക്കടക്കാരനെ കഴുത്തിന്റെ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍
മട്ടാഞ്ചേരിയില്‍ നിന്നും കറുകപ്പിള്ളി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ചെട്ടിയാട്ട് പറമ്പ് വീട്ടില്‍ ഷെഫീഖ്(എപ്പി ഷെഫീക്-35) ആണ് അറസ്റ്റിലായത്. കലൂരില്‍ തയ്യല്‍കട നടത്തുന്ന മാത്യു എന്നയാളെയാണ് കഴുത്തിലെ ഞരമ്പ് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്
കൊച്ചി: കലൂരില്‍ തയ്യല്‍ക്കട നടത്തുന്ന മാത്യു എന്നയാളുടെ കഴുത്തിലെ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മട്ടാഞ്ചേരിയില്‍ നിന്നും കറുകപ്പിള്ളി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ചെട്ടിയാട്ട് പറമ്പ് വീട്ടില്‍ ഷെഫീഖ്(എപ്പി ഷെഫീക്-35) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് പള്ളിക്ക് സമീപം ലോട്ടറി കച്ചവടം നടത്തുന്ന ആളെ ആരോ ദേഹോപദ്രവം ഏല്‍പ്പിച്ചത് ചോദിക്കാനായി വന്ന ഷെഫീക് തയ്യല്‍ കടയില്‍ ഉണ്ടായിരുന്ന മാത്യുവിനോടും സുഹൃത്തുക്കളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് വൈകിട്ട് 07.00 മണിയോട് കൂടി കട അടച്ച് വീട്ടിലേക്ക് പോയ മാത്യുവിനെ പിന്നാലെ ചെന്ന ഷെഫീക് ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരയുകയായിരുന്നു. കഴുത്തില്‍ മുറിവ് പറ്റിയ മാത്യുവിനെ സുഹൃത്തുക്കള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ മാത്യു തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
മാത്യുവിന്റെ സുഹൃത്തിന്റെ പരാതിയില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. എറണാകുളം സെന്‍ട്രല്‍ അസി.കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടറുടെ നോതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ കറുകപ്പിള്ളി ഭാഗത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് മുമ്പ് പ്രതി ഷെഫീക്ക് ഒരു പോലിസുകാരനേയും ബാര്‍ ജീവനക്കാരനേയും കുത്തി പരുക്കേല്‍പ്പിച്ച കേസുകളില്‍ പ്രതിയാകുകയും കോടതി 5 വര്‍ഷം ശിക്ഷ വിധിച്ചെങ്കിലും നിലവില്‍ ഷഫീക്ക് അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞ് വരികയാണ്. ഈ കേസ്് കൂടാതെ നിരവധി മോഷണ കേസുകളിലും ഷഫീക്ക് പ്രതിയാണെന്ന് പോലിസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.