പറവൂരില്‍ യുവതിയെ വീടിനുളളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: സഹോദരി പോലിസ് പിടിയില്‍

പറവൂര്‍ സ്വദേശി ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളായ വിസ്മയയെയാണ് വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനു പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാകുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കാക്കനാട് നിന്നാണ് ജിത്തുവിനെ പോലിസ് പിടികൂടിയതെന്നാണ് വിവരം.

Update: 2021-12-30 14:30 GMT

കൊച്ചി: പറവൂരില്‍ യുവതിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ കാണാതായ സഹോദരി പോലിസ് പിടിയില്‍.പറവൂര്‍ സ്വദേശി ശിവാനന്ദന്റെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാളായ വിസ്മയ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇതിനു പിന്നാലെ സഹോദരി ജിത്തുവിനെ കാണാതാകുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ കാക്കനാട് നിന്നാണ് ജിത്തുവിനെ പോലിസ് പിടികൂടിയതെന്നാണ് വിവരം.

വിസ്മയയുടെ മരണം കൊലപാതകമാണെന്ന് പോലിസ് തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിനു ശേഷം സഹോദരി ജിത്തുവിനെ കാണാതായതോടെ ഈ സംശയം പോലിസിന് ബലപ്പെട്ടിരുന്നു. ജിത്തു വീട്ടില്‍ നിന്നും ഓടിപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിരുന്നു.എന്നാല്‍ ജിത്തുവിനെ കണ്ടെത്താതെ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു പോലിസ്.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് വീടിനുള്ളില്‍ വിസ്മയയെ വീട്ടിലെ മുറിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട് സമീപവാസികളാണ് പോലിസിലും അഗ്നിശമന സേനയിലും വിവരം അറിയിച്ചത്.തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയെങ്കിലും ഗേറ്റും വാതിലും ഉള്ളില്‍ നിന്നും പൂട്ടിയിരുന്നതിനാല്‍ മതില്‍ ചാടിയാണ് ഉള്ളില്‍ കടന്ന് തീയണച്ചത്.

അപ്പോഴേയ്ക്കും മുറിയാകെ തീപിടിച്ചു നശിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്.മാതാപിതാക്കള്‍ എത്തി മൃതദേഹത്തില്‍ കണ്ടെ ലോക്കറ്റ് നോക്കിയാണ് മരിച്ചത് വിസ്മയയാണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തിയാണ് പോലിസ് ഇത് സ്ഥിരീകരിച്ചത്.തുടര്‍ന്ന് ജിത്തുവിനായി പോലിസ് അന്വേഷണം നടത്തിവരികയായിരുന്നു.ജിത്തുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസും പോലിസ് പുറപ്പെടുവിച്ചിരുന്നു.

Tags:    

Similar News