ജാമ്യം നേടിയതിനു ശേഷം വീണ്ടും കുറ്റകൃത്യം; എറണാകുളത്ത് ഒരാളുടെ കൂടി ജാമ്യം റദ്ദാക്കി
അയ്യമ്പുഴ ചുള്ളി താണിക്കോട് കോളാട്ടുകുടി ബിനോയി (39) യുടെ ജാമ്യമാണ് റദ്ദാക്കിയത്. അയ്യമ്പുഴ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ ജാമ്യം നേടിയ ശേഷം ജാമ്യ വ്യവസ്ഥ ലംഘിച്ച് ചാലക്കുടിയില്‍ സമാന സ്വഭാവമുളള കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചത്
കൊച്ചി: എറണാകുളം റൂറല്‍ ജില്ലയില്‍ നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന ഒരു പ്രതിയുടെ കൂടി ജാമ്യം റദ്ദാക്കി. ജാമ്യം നേടിയശേഷം വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട അയ്യമ്പുഴ ചുള്ളി താണിക്കോട് കോളാട്ടുകുടി ബിനോയി (39) യുടെ ജാമ്യമാണ് റദ്ദാക്കിയത്. അയ്യമ്പുഴ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണ കേസില്‍ ജാമ്യം നേടിയ ശേഷം ജാമ്യ വ്യവസ്ഥ ലംഘിച്ച് ചാലക്കുടിയില്‍ സമാന സ്വഭാവമുളള കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചത്.
അയ്യമ്പുഴ, കാലടി, പെരുമ്പാവൂര്‍, കുന്നത്തുനാട്, അങ്കമാലി, ചാലക്കുടി, പുത്തന്‍കുരിശ് എന്നീ പോലിസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ചു വരികയാണെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു. നിലവില്‍ 27 പേരുടെ ജാമ്യം റദ്ദാക്കുകയും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 116 പേരുടെ ജാമ്യം റദ്ദാക്കുന്നതിനായി റിപ്പോര്‍ട്ട് ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും എസ് പി പറഞ്ഞു.