ആലുവയിലെ നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യ : അന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി എസ്പി
പെണ്‍കുട്ടി ആത്മഹത്യചെയ്തത് ദാരുണമായ സംഭവമാണെനും പോലിസിന്റെ ഭാഗത്ത് നിന്നും പെണ്‍കുട്ടിയ്ക്ക് നീതി രഹിതമായ സമീപനമുണ്ടായോയെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു
കൊച്ചി: ആലവുയില്‍ നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവൈഎസ് പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്പി പറഞ്ഞു.
പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസ് കേസെടുത്തിട്ടുണ്ട്.ഇതിന്റെ തുടര്‍ നടപടികള്‍ നടന്നു വരികയാണ്.ആര്‍ഡിഒയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ് മോര്‍ട്ടം നടന്നത്.ഡിവൈഎസ്പിയുടെ അന്വേഷണ റിപോര്‍ട്ട് കിട്ടിയതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.പെണ്‍കുട്ടിയുടെ പരാതിയില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും എസ്പി പറഞ്ഞു.
പെണ്‍കുട്ടിയുടെ പരാതി വനിതാ കമ്മീഷനില്‍ ലഭിക്കുമ്പോള്‍ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയുടെ കോപ്പി കൂടി വെച്ചിരുന്നു.പോലിസ് പരിഗണിച്ചുകൊണ്ടിരുന് കേസ് എന്ന നിലയിലാണ് വനിതാ കമ്മീഷന്‍ അതിനെ കണ്ടിരുന്നത്. പെണ്‍കുട്ടിയുടെ പരാതി കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.പെണ്‍കുട്ടി ആത്മഹത്യചെയ്തത് ദാരുണമായ സംഭവമാണെനും പോലിസിന്റെ ഭാഗത്ത് നിന്നും പെണ്‍കുട്ടിയ്ക്ക് നീതി രഹിതമായ സമീപനമുണ്ടായോയെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.