എറണാകുളത്ത് വീണ്ടും ഷിഗല്ല;പുതിയതായി രോഗം കണ്ടെത്തിയത് വാഴക്കുളത്ത്

വാഴക്കുളം ഗ്രാമപ്പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍പരിശോധന റീജ്യണല്‍ പബ്‌ളിക്ക് ഹെല്‍ത്ത് ലാബിലും ,ഗവ: മെഡിക്കല്‍ കോളജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു

Update: 2021-01-11 13:53 GMT

കൊച്ചി: എറണാകളം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപോര്‍ട് ചെയ്തത്.ചോറ്റാനിക്കരയ്ക്ക് പിന്നാലെ വാഴക്കുളത്താണ് പുതിയതായി രോഗം റിപോര്‍ട് ചെയ്തത്.വാഴക്കുളം ഗ്രാമപ്പഞ്ചായത്തില്‍ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടര്‍പരിശോധന റീജ്യണല്‍ പബ്‌ളിക്ക് ഹെല്‍ത്ത് ലാബിലും ,ഗവ: മെഡിക്കല്‍ കോളജ് കളമശ്ശേരിയിലും നടത്തിയതിലൂടെ ഷിഗല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികില്‍യെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

നേരചത്തെ ചോറ്റാനിക്കരയിലും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് ചോറ്റാനിക്കരയിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നുവെങ്കിലും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വാഴക്കുളത്തും രോഗം സ്ഥിരികരിച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗവും, ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശം സന്ദര്‍ശിച്ച് തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടയുള്ള വിദഗ്ധരുടെ യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ജില്ലയില്‍ രണ്ടു ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ വ്യക്തി ശുചിത്വം പാലിക്കുവാനും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കാനും ഗവ: മെഡിക്കല്‍ കോളേജ്, കളമശ്ശേരി,കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ബിന്ദു അറിയിച്ചു.

ഷിഗല്ല, വയറിളക്കരോഗങ്ങള്‍ --ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

വയറിളിക്കരോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല

രോഗ ലക്ഷണങ്ങള്‍

വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം.

രോഗം പകരുന്ന വിധം

പ്രധാനമായും മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.

* വ്യക്തിശുചിത്വം പാലിക്കുക.

* തുറസായ സ്ഥലങ്ങളില് മലമൂത്രവിസര്ജനം ചെയ്യാതിരിക്കുക.

* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.

* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

* ഭക്ഷണ പദാര്‍ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.

* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.

*രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

* രോഗ ലക്ഷണമുള്ളവര്‍ ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തില്‍ സമീപിക്കുക

* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക

* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നും മറ്റും ശീതളപാനീയങ്ങള്‍ കുടിക്കാതിരിക്കുക.

Tags:    

Similar News