35ഓളം കേസുകളിലെ പ്രതി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയില്‍

കോട്ടയം ഭരണങ്ങാനം ചുണ്ടഞ്ചേരി എന്‍ജിനീയറിങ് കോളജിനു സമീപം വാരിക്കാപൊതിയില്‍ വീട്ടില്‍ അഭിലാഷ് (48) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര ചിറ പറമ്പില്‍ സാബു കുര്യന്റെ വീടാണ് ഇയാള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്.

Update: 2021-07-10 16:28 GMT

കൊച്ചി: 35ഓളം കേസുകളിലെ പ്രതി വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിടിയില്‍. കോട്ടയം ഭരണങ്ങാനം ചുണ്ടഞ്ചേരി എന്‍ജിനീയറിങ് കോളജിനു സമീപം വാരിക്കാപൊതിയില്‍ വീട്ടില്‍ അഭിലാഷ് (48) നെയാണ് കാലടി പോലിസ് അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര ചിറ പറമ്പില്‍ സാബു കുര്യന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. കഴിഞ്ഞാഴ്ച മറ്റുരില്‍ വച്ച് സ്ത്രീയുടെ മാല കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയായ കിഷോറിനൊപ്പമാണ് ഇയാള്‍ മഞ്ഞപ്രയില്‍ മോഷണം നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഈരാറ്റുപേട്ട ബസ്സ്റ്റാന്റില്‍ വച്ചാണ് ഇയാളെ പിടി കൂടുന്നത്.

പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് തമിഴ് നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. അഭിലാഷിന് വിയ്യൂര്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത് എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി കേസുകളും മോട്ടോര്‍ സൈക്കിള്‍ മോഷണവും ഉള്‍പ്പെടെ 35 ഓളം കേസുകള്‍ നിലവിലുണ്ട്. 2019 ല്‍ ഇയാളില്‍ നിന്ന് 60 ഓളം പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. പലയിടങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണിത്. കാക്കനാട് ജയിലില്‍ കഴിയുമ്പോഴാണ് കിഷോറുമായി അഭിലാഷ് പരിചയപ്പെടുന്നത്.

ജയിലില്‍ നിന്നറങ്ങിയശേഷം ചാരായം വാറ്റ് നടത്തുവാനായിരുന്നു ഇരുവരുടേയും പദ്ധതി. ഇതിനു പണം കണ്ടെത്താനായിരുന്നു മഞ്ഞപ്രയിലെ മോഷണം. കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് പള്ളി ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിച്ചതും ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ്. എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തില്‍ പെരുമ്പാവൂര്‍ ഡി വൈ എസ് പി ഇ പി റെജി, കാലടി ഇന്‍സ്‌പെക്ടര്‍ ബി സന്തോഷ്, എസ് ഐ മാരായ സ്റ്റപ്‌റ്റോ ജോണ്‍,ടി.എ.ഡേവിസ്, എം.എന്‍.സുരേഷ്, പി.ജെ.ജോയ്, ദേവസി, രാജേന്ദ്രന്‍, എ എസ് ഐ അബ്ദുള്‍ സത്താര്‍, എസ് സി പി ഒ നജാഷ് എന്നിവരും ഉണ്ടായിരുന്നു.

Tags:    

Similar News