എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതി പിടിയില്‍
കോതമംഗലം പോത്താനിക്കാട് മാവുടി പരീത് (അപ്പക്കല്‍ പരീത് -56 ) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്
കൊച്ചി: എഴുപത്തഞ്ചോളം മോഷണ കേസിലെ പ്രതി പോലിസ് പിടിയില്‍. കോതമംഗലം പോത്താനിക്കാട് മാവുടി പരീത് (അപ്പക്കല്‍ പരീത് -56 ) നെയാണ് കുന്നത്തുനാട് പോലിസ് പിടികൂടിയത്. കഴിഞ്ഞ നവംബറില്‍ നെല്ലാട് ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഓഫീസ് രാത്രി കുത്തി തുറന്നു മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്തു നിന്നുമാണ് പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബറില്‍ പട്ടിമറ്റം എരപ്പും പാറയിലുള്ള ഏറംകുളം ശ്രീ മഹാദേവക്ഷേത്രം, ഡിസംബറില്‍ വെങ്ങോല പൂനൂര്‍ ശ്രീ മഹാദേവക്ഷേത്രം എന്നീ അമ്പലങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പോലിസ് പറഞ്ഞു. പകല്‍സമയം കറങ്ങി നടന്ന് മോഷണം നടത്താന്‍ കഴിയുന്ന അമ്പലങ്ങള്‍ കണ്ടുപിടിക്കും. അമ്പലത്തിന്റെ സമീപത്തേക്ക് രാത്രിയില്‍ ലാസ്റ്റ് ബസ്സില്‍ കയറി അവിടെ ചെല്ലും. തുടര്‍ന്ന് സമീപത്തുള്ള കുറ്റിക്കാട്ടിലോ റബ്ബര്‍തോട്ടതിലോ കഴിഞ്ഞ് പുലര്‍ച്ചെ മോഷണം നടത്തി ആദ്യത്തെ ബസ്സിന് തിരിച്ചു പോവുകയാണ് പ്രതിയുടെ രീതിയെന്നും പോലിസ് പറഞ്ഞു.
അഞ്ച് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2020 നവംബര്‍ മാസം ആണ് വിയ്യൂര്‍ ജയിലില്‍ നിന്നും ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് എ എസ് പി അനൂജ് പലിവാല്‍, എസ് എച്ച് ഒ വി എം കെഴ്‌സന്‍, എസ് ഐ എം പി എബി, എ എസ് ഐ കെ കെ സുരേഷ് കുമാര്‍, എസ് സി പി ഒ മാരായ പി എ അബ്ദുള്‍ മനാഫ്, ടി എ അഫ്‌സല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.