മോഷ്ടിച്ച ബൈക്കില്‍ എത്തി കത്തികാണിച്ച് കവര്‍ച്ച: പ്രധാന പ്രതി അറസ്റ്റില്‍
പാലാരിവട്ടം സ്വദേശിയായ യുവാവിന്റെ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ കുമാര്‍ (21)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്
കൊച്ചി: മോഷ്ടിച്ച ബൈക്കില്‍ എത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്ന് കേസില്‍ പ്രധാന പ്രതി പോലിസ് പിടിയില്‍. പാലാരിവട്ടം സ്വദേശിയായ യുവാവിന്റെ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനില്‍ കുമാര്‍ (21)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം 10-ന് പുലര്‍ച്ചെ നാല്മണിക്ക് പാലാരിവട്ടം വസന്ത നഗര്‍ സ്വദേശിയായ യുവാവ് കമ്പനിയിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കത്രിക്കടവ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍വശം വെച്ച് ബൈക്കില്‍ എത്തിയ പ്രതികള്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു . ആവശ്യം നിരസിച്ച എന്നാല്‍ യുവാവ് പണം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ യുവാവിന്റെ നേര്‍ക്ക് പ്രതികള്‍ കത്തി വീശിയതോടെ ഭയന്ന് പോയ യുവാവിന്റെ കൈയിലുണ്ടായിരുന്ന 5000രൂപ പ്രതികള്‍ അപഹരിച്ചശേഷം കടന്നു കളഞ്ഞു.
തുടര്‍ന്നു യുവാവിന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. പ്രതികള്‍ കവര്‍ച്ചെയ്‌ക്കെത്തിയ പള്‍സര്‍ ബൈക്ക് പനങ്ങാട് സ്വദേശിയുടെ മോഷണം പോയ ബൈക്ക് ആണെന്ന് പോലിസ് കണ്ടെത്തി..പരാതിക്കാരന്റെ മൊഴിയില്‍ നിന്നും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും കവര്‍ച്ചക്കെത്തിയവരില്‍ ഒരാള്‍ മുടി നീട്ടി വളര്‍ത്തിയ ആളാണ് എന്ന് മനസ്സിലായി . തുടര്‍ന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള മുടി നീട്ടിവളര്‍ത്തിയവരെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണ് പ്രതി അറസ്റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു എറണാകുളം ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ വി ബി അനസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്