തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇടപെട്ടിട്ടില്ലെന്ന് സീറോ മലബാര്‍ സഭ

സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സീറോ മലബര്‍ സഭയോ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ ഇടപെട്ടിട്ടില്ല.നടക്കുന്നത് ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ബോധപൂര്‍വ്വമായ പ്രചാരണം

Update: 2022-05-06 10:02 GMT

കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഇടതുപക്ഷസ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനെ നിശ്ചയിച്ചതില്‍ സീറോ മലബാര്‍ സഭ ഇടപെട്ടുവെന്ന ആരോപണത്തില്‍ വിശദീകരവുമായി  സഭാ നേതൃത്വം. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സീറോ മലബര്‍ സഭയോ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ ഇടപെട്ടിട്ടില്ലെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍.

മേജര്‍ ആര്‍ച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി. മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായാണ്.

ഈ പ്രക്രിയയില്‍ സഭാനേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപ തിരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമിപിക്കുമെന്നുറപ്പാണെന്നും സീറോ മലബാര്‍ സഭാ നേതൃത്വം വ്യക്തമാക്കി.

Tags:    

Similar News