വാഹനമോഷണം, ജയില്‍ ചാടല്‍ അടക്കം 30 ഓളം കേസുകളിലെ പ്രതി ഒടുവില്‍ പോലിസ് വലയില്‍

കവര്‍ച്ച, വാഹനമോഷണം, ഭവന ഭേദനം, ജെയില്‍ ചാടല്‍ അടക്കം മുപ്പതോളം കേസുകളിലെ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി റംഷാദ് പോലിസ് പിടിയില്‍

Update: 2022-04-14 15:42 GMT

കൊച്ചി: കവര്‍ച്ച, വാഹനമോഷണം,ജെയില്‍ ചാടല്‍ അടക്കം മുപ്പതോളം കേസുകളിലെ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി റംഷാദ് പോലിസ് പിടിയില്‍.പോലിസിന്റെ വാഹന പരിശോധനയ്ക്കിടയില്‍ സംശയം തോന്നിയ ഒരു ഓട്ടോറിക്ഷയുടെ നമ്പര്‍ പരിശോധിച്ചതില്‍ അത് ഒരു ബൈക്കിന്റെതാണെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ഓട്ടോ ഓടിച്ചിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതില്‍ നഗരത്തില്‍ ഇറങ്ങിയിരിക്കുന്ന മോഷ്ടാവ് റംഷാദിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചു.

നഗരത്തില്‍ നടന്ന പല വാഹനമോഷണങ്ങളുടെയും പിറകില്‍ ഇയാളാണെന്ന് പോലിസ് മനസ്സിലാക്കി. വാഹന മോഷണ കേസുകള്‍ പിടിക്കുവാനായി സിറ്റി പോലിസ് കമ്മീഷണര്‍ നാഗരാജുവിന്റെയും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കുര്യാക്കോസിന്റെയും നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘം ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.അന്വേഷണത്തിന്റെ ഭാഗമായി പോലിസ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മോഷണം നടന്ന സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതിയെക്കുറിച്ച് കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ അന്വേഷിച്ചു മറ്റും വിവരങ്ങള്‍ ശേഖരിച്ചു.

റംഷാദിന് തിരൂരങ്ങാടി 6, മഞ്ചേരി 7, കൊണ്ടോട്ടി 4, വെള്ളായില്‍, മെഡിക്കല്‍ കോളജ്, വടകര, മലപ്പുറം, വാഴക്കല്‍, പെരിന്തല്‍മണ്ണ എന്നീ സ്‌റ്റേഷനുകളില്‍ മോഷണത്തിന് കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. കൂടാതെ മഞ്ചേരി ജയിലില്‍ നിന്നും രണ്ടുപ്രാവശ്യം ജയില്‍ ചാടാന്‍ ശ്രമിച്ചതിന് കേസ് ഉണ്ട്, കൂടാതെ കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനില്‍ കവര്‍ച്ച ചെയ്തതിന് വേറെ കേസും ഉണ്ട്. മേല്‍പ്പറഞ്ഞ പോലിസ് സ്‌റ്റേഷനുകളില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചതില്‍ പ്രതിയുടെ പഴയ ഫോണ്‍ നമ്പറും മറ്റു രേഖകളും പോലിസിനു ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലുമായി സഹകരിച്ച് പോലിസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിന് വഴിത്തിരിവായത് . കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പ്രതിയെ പിന്തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ പ്രതി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്ത് സ്ഥിരമായി വരുന്നുണ്ട് എന്ന് പോലിസിന് വിവരം ലഭിച്ചു. ഏകദേശം മൂന്നുനാലു ദിവസം പ്രതിക്കായി പോലിസ് നോര്‍ത്ത് ഭാഗത്ത് കാത്തിരുന്നു. അവസാനം നോര്‍ത്ത് ഭാഗത്ത് മോഷ്ടിച്ച പെട്ടി ഓട്ടോറിക്ഷയുമായി എത്തിയ പ്രതി സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ വലയിലാകുകയായിരുന്നു.

റംഷാദ് പിടിയിലായ വിവരം അറിഞ്ഞ് മുനമ്പം, ചാലക്കുടി, കൊരട്ടി പുതുക്കാട് ഫറൂക്ക് കോഴിക്കോട് സിറ്റി വരാപ്പുഴ തുടങ്ങിയ കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള പോലിസ് സ്‌റ്റേഷനില്‍ നിന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലേക്ക് അന്വേഷണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ കേസുകള്‍ തെളിയിക്കുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുവാന്‍ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം.എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അഖില്‍, ഷാജി സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ഷിഹാബ് എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News