തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാകണം: വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീ ദേവി

അതിര്‍ത്തി തര്‍ക്കം, മാലിന്യം വലിച്ചെറിയുന്നത് മൂലമുള്ള തര്‍ക്കങ്ങള്‍, എന്നിങ്ങനെ നിരവധി പരാതികളാണ് കമ്മീഷനു മുന്നില്‍ എത്തുന്നത്. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം പരാതികള്‍ പ്രാദേശികമായി തന്നെ പരിഹരിക്കാന്‍ സാധിക്കും

Update: 2022-09-20 11:46 GMT

കൊച്ചി: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങളും കുടുംബ പ്രശ്‌നങ്ങളും പ്രാദേശിക തലങ്ങളില്‍ ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളിലും ഇടപെടല്‍ നടത്തി പരിഹാരം കാണുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളില്‍ ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. അതിര്‍ത്തി തര്‍ക്കം, മാലിന്യം വലിച്ചെറിയുന്നത് മൂലമുള്ള തര്‍ക്കങ്ങള്‍, എന്നിങ്ങനെ നിരവധി പരാതികളാണ് കമ്മീഷനു മുന്നില്‍ എത്തുന്നത്. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം പരാതികള്‍ പ്രാദേശികമായി തന്നെ പരിഹരിക്കാന്‍ സാധിക്കും. കമ്മീഷനു മുന്നിലെത്തുന്ന പരാതികളില്‍ തദ്ദേശഭരണസ്ഥാപനങ്ങളോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാറുണ്ട്.

ജാഗ്രതാ സമിതികളുടെ കൃത്യമായ പ്രവര്‍ത്തനം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആവശ്യമാണ്. പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതിനു ശേഷം പരിഹരിക്കുന്നതിന് പകരം ബോധവല്‍ക്കരണ പരിപാടികളിലൂടെ രമ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ജാഗ്രതാസമിതികള്‍ ശ്രമിക്കണം. കുടുംബ പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ ജാഗ്രതാ സമിതികള്‍ക്ക് കഴിയും. ഇതിനോട് ചേര്‍ന്ന് കൗണ്‍സിലിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷ പറഞ്ഞു. ജാഗ്രതാ സമിതികള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ത്രിതല പഞ്ചായത്ത് തലങ്ങളില്‍ കമ്മീഷന്‍ ഉപഹാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്ഥാപനത്തിന് 25000 രൂപ പാരിതോഷികം നല്‍കും.

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസമായി നടന്ന അദാലത്തില്‍ ഇന്ന് 105 പരാതികളാണ് പരിഗണിച്ചത്.ഇതില്‍ 46 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് പരാതികള്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഒരു പരാതി ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് കൈമാറി. ശേഷിക്കുന്ന പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഒന്നാം ദിവസം 104 പരാതികള്‍ പരിഗണിച്ച് 43 പരാതികള്‍ തീര്‍പ്പാക്കിയിരുന്നു. അതിര്‍ത്തി തര്‍ക്കങ്ങളും കുടുംബപ്രശ്‌നങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലമുള്ള തര്‍ക്കങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ കൂടുതലും.അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിര രവീന്ദ്രന്‍, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വ. കെ.ബി രാജേഷ്, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, അഡ്വ. ലിനി മോള്‍, അഡ്വ. ഹസ്‌ന,കൗണ്‍സിലര്‍ വി.കെ സന്ധ്യ പങ്കെടുത്തു.

Tags:    

Similar News