മഴയല്ല കുസാറ്റിലെ അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികളായ വിദ്യാര്‍ത്ഥികള്‍
പൊതുവെ വിദ്യാര്‍ത്ഥികളാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കാറുള്ളത്.
സെലിബ്രിറ്റി വന്നതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അത്ര വലിയ മഴയുണ്ടായിരുന്നില്ല. ആളുകളെ ഉള്ളില്‍ കയറ്റാന്‍ വൈകിയിരുന്നു. ഗേറ്റ് തള്ളിത്തുറക്കാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് ഗേറ്റ് തുറന്നപ്പോള്‍ ഉന്തും തള്ളുമുണ്ടായി. അടിയിലോട്ട് സ്ലോപ്പായിട്ടുള്ള സ്റ്റെപ്പാണ്. തള്ളല്‍ വന്നപ്പോള്‍ കുറേപ്പേര്‍ വീണുപോയി. താന്‍ സൈഡിലൂടെ എങ്ങനെയോ രക്ഷപ്പെട്ടതാണെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
കുസാറ്റില്‍ ദുരന്തമുണ്ടാക്കിയത് അശാസ്ത്രീയ വേദിയും ആള്‍ക്കൂട്ട നിയന്ത്രണത്തിന് സംവിധാനം ഇല്ലാതിരുന്നതുമാണ്. തിയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്.സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. ഇന്നലെ വൈകിട്ട് ഏഴേ കാലോടെയായിരുന്നു സംഭവം.
കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോയ്ക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന മുന്‍ കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുവെ വിദ്യാര്‍ത്ഥികളാണ് ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്‍കാറുള്ളത്.
കുസാറ്റ് അപകടം: ഓഡിറ്റോറിയം നിറഞ്ഞിരുന്നില്ലെന്ന് എഡിജിപി
കൊച്ചി: കുസാറ്റില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്ക് നയിച്ചത് മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കേസില്‍ ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ തന്നെ വളണ്ടിയര്‍മാരായി നടത്തിയ പരിപാടിയായിരുന്നു. ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോള്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്നും എഡിജിപി പറഞ്ഞു.പുറകില്‍ നിന്നുള്ള തള്ളില്‍ മുന്നിലുണ്ടായിരുന്നവര്‍ പടികളിലേക്ക് വീണു. ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീണു. വീണവര്‍ക്ക് ചവിട്ടേറ്റു. മുന്നില്‍ ആളുകള്‍ വീണ് കിടപ്പുണ്ടെന്ന് പിന്നിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ഫ്രീക്ക് ആക്‌സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതേ ആയിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാന്‍ ഗേറ്റ് അടച്ചതാണ് പ്രശ്‌നമായത്. 1000 മുതല്‍ 1500 പേരെ വരെ ഉള്‍ക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകള്‍ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പറഞ്ഞ എഡിജിപി സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
പരിപാടിയിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ പോലുള്ള ടീ ഷര്‍ട്ട് നല്‍കിയിരുന്നു. ഇത് ധരിച്ച് വരുന്നവര്‍ക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം. ഓരോ ബാച്ച് വിദ്യാര്‍ത്ഥികളെയായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഗാനമേള ആരംഭിച്ചിരുന്നില്ല. ഈ സമയത്താണ് മഴ പെയ്തത്. പിന്നാലെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി. ഈ സമയത്ത് ഇവര്‍ക്ക് മുന്നില്‍ പടികളില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ മറിഞ്ഞുവീണു. ഇവര്‍ക്ക് മുകളിലേക്ക് പിന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും വീണു. തിരക്കിനിടയില്‍ വീണുപോയ വിദ്യാര്‍ത്ഥികള്‍ക്ക് ചവിട്ടേല്‍ക്കുകയായിരുന്നു. രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു .