കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തം; സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

Update: 2023-11-27 05:14 GMT

കൊച്ചി: കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. പോലിസ് ഫോറന്‍സിക് സംഘം ഉള്‍പ്പെടെ ദുരന്തം ഉണ്ടായ സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചു. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും.

അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. 42 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുള്ളത്.

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് കുസാറ്റ് ടെക് ഫെസ്റ്റിനിടെ അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയും തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകുകയുമായിരുന്നു. തിരക്കില്‍ താഴെ വീണവരുടെ മുകളിലേക്കായി മറ്റുള്ളവരും വീഴുകയും വീണുകിടന്നവര്‍ക്ക് ചവിട്ടേല്‍ക്കുകയും ചെയ്തു. ഇത് മരണത്തിന് കാരണമാകുകയുമായിരുന്നു. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.






Tags:    

Similar News