കുസാറ്റ് ടെക് ഫെസ്റ്റില്‍ ഗാനമേളയ്ക്കിടെ അപകടം; നാലു വിദ്യാര്‍ഥികള്‍ മരിച്ചു, 50 ലേറെ പേര്‍ക്കു പരിക്ക്

Update: 2023-11-25 15:45 GMT

കൊച്ചി: കളമശ്ശേരി കുസാറ്റ് കാംപസില്‍ ടെക് ഫെസ്റ്റിന്റെ സമാപനഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു. 50ലേറെ പേര്‍ക്കു പരിക്ക്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് മരിച്ചത്. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് സംഘടിപ്പിച്ച ടെക് ഫെസ്റ്റായ 'ധിഷണ'യ്ക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയയാണ് ദുരന്തത്തില്‍ കലാശിച്ചത്. ബോളിവുഡ് ഗായിക നിഖിതാ ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടം.രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരമാണെന്നാണു റിപോര്‍ട്ട്. കുസാറ്റിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളും സ്‌കൂള്‍ ഓഫ് എന്‍ജിനിയറങ്ങിലെ വിദ്യാര്‍ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ അവസാന ദിവസമായിരുന്ന ഇന്ന് സംഗീത നിശയ്ക്കിടെ തിരക്കില്‍പ്പെട്ടും നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലു പേരുടെ മരണം സ്ഥിരീകരിച്ചതായും രണ്ടുപേരുടെ നില ഗുരുതരമാണെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പരിപാടി നടക്കുന്നതിനിടെ മഴ പെയ്തതോടെ എല്ലാവരും അകത്തേക്ക് ഓടിക്കയറിയതായണ് അപകടകാരണമെന്നാണ് റിപോര്‍ട്ട്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചു.

Tags:    

Similar News