കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം ; കേസില്‍ നിന്നും പിന്നോട്ടില്ലെന്ന് സീറോ മലബാര്‍ സഭ സ്ഥിരം സിനഡ്

വ്യാജ രേഖ ചമച്ചത് സഭാ അധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെ. കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കനോ ഉളള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം.അസാധാരണ കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മീഡിയ കമ്മീഷന്‍

Update: 2019-05-22 11:27 GMT

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേസുമായി മുന്നോട്ടു പോകാന്‍ സീറോ മലബാര്‍ സഭ സ്ഥിരം സിനഡിന്റെ തീരുമാനം.വ്യാജരേഖ കേസുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സഭാ ആസ്ഥാനത്ത് സ്ഥിരം സിനഡ് വിളിച്ചു ചേര്‍ക്കുകയും സഭാ അധികാരികളെയും സംവിധാനങ്ങളെയും വികലമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ നിര്‍മിച്ചതെന്ന് യോഗം വിലയിരുത്തുകയും ചെയ്തതായി സഭ മീഡിയ കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.വ്യാജ രേഖ നിര്‍മിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിനായി കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു.

വ്യാജരേഖ സംബന്ധമായ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണം.പ്രമുഖ വ്യാപാര സ്ഥാപനത്തിലെ സെര്‍വറില്‍ രേഖകള്‍ കണ്ടെത്തിയെന്ന പരമാര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യവും അന്വേഷണ വിധേയമാക്കണമെന്നും മീഡിയ കമ്മീഷന്‍ ആവശ്യപ്പെട്ടു.കേസിന്റെ അന്വേഷണം അട്ടിമറിക്കാനോ അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കനോ ഉളള ശ്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.അസാധാരണ കാര്യങ്ങളാണ് കേസുമായി ബന്ധപ്പെട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അനാവശ്യ പ്രതികരണങ്ങളിലുടെ സഭയിലെ ഐക്യവും കെട്ടുറപ്പും നഷ്ടപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല.സംശയങ്ങളുടെ കാര്‍മേഘങ്ങള്‍ നീക്കി സത്യം പുറത്തുവരുന്ന നാളുകള്‍ വിദൂരമല്ലെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി.

Tags:    

Similar News