വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജന്‍സി'; കുറ്റം സമ്മതിച്ച് എസ്എഫ്‌ഐ മുന്‍ നേതാവ്
നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു.
ആലപ്പുഴ: എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിന്‍ രാജ് കുറ്റം സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന് അബിന്‍ രാജ് പൊലീസിനോട് സമ്മതിച്ചു. എസ്എഫ്‌ഐ മുന്‍ നേതാവായ അബിന്‍ രാജിനെ മാലദ്വീപില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്.
നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു. എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ മാലദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ അബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ട് ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.