വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തു

Update: 2023-06-21 16:34 GMT

കോഴിക്കോട്: ഗസ്റ്റ് അധ്യാപക ജോലിക്കു വേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയെ പോലിസ് കസ്റ്റഡിയിലെടുത്തു. കേസന്വേഷിക്കുന്ന അഗളി പോലിസ് കോഴിക്കോട് മേപ്പയൂരില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. കോളജില്‍ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെ വിദ്യ ഒളിവില്‍പോയിരുന്നു. 15 ദിവസത്തിനു ശേഷമാണ് വിദ്യയെ കസ്റ്റഡിയിലെടുക്കുന്നത്. കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും വിദ്യയെ പോലിസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂര്‍, വടകര ഭാഗങ്ങളിലും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. മേപ്പയൂരില്‍ ആരുടെ വീട്ടില്‍ നിന്നാണ് വിദ്യയെ കണ്ടെത്തിയതെന്ന കാര്യം വ്യക്തമായിട്ടില്ല. കസ്റ്റഡിയില്‍ എടുത്ത വിദ്യയെ അഗളി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുന്നുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ നാളെയുണ്ടാവുമെന്നാണ് സൂചന.

Tags:    

Similar News