വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്റെ വാഹനത്തിലായിരുന്നുവെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ഡിവൈഎഫ്‌ഐ നേതാക്കള്‍ നേരിട്ടു നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം തുടങ്ങിയത്.

Update: 2023-11-23 05:09 GMT
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്റെ വാഹനത്തിലായിരുന്നുവെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ വാഹനത്തില്‍ എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാം. തന്റെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ അവരുടെ പേരില്‍ കേസില്ലെന്നും കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ തള്ളിപ്പറയുമെന്നും അദ്ദേഹം പ്രതികരിച്ചു.

അന്വേഷണം തന്നിലേക്കെത്തിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നു. വി.കെ സനോജിന്റെ രാഷ്ട്രീയ ഗുരു കെ. സുരേന്ദ്രനാണ്. ഒരേ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങളാണ് രണ്ട് പേരും പറയുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതല്‍ അന്വേഷണം നടത്തുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭി വിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടര്‍നടപടിയെന്നും പോലിസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ നടപടികള്‍ കടുപ്പിക്കുകയാണ് പോലിസ്. ഡിവൈഎഫ്‌ഐ നേതാക്കള്‍ നേരിട്ടു നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം തുടങ്ങിയത്.

പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ അതൃപ്തരായ യൂത്ത് കോണ്‍ഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളുമായി എത്തിയതോടെ പോലിസിന് പണി എളുപ്പമായി. നിലവില്‍ പത്ത് പരാതികള്‍ പോലിസിന് ലഭിച്ചുകഴിഞ്ഞു. നേരത്തെ പുറത്ത് വന്നിതിന് പുറമെ കൂടുതല്‍ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.





Tags:    

Similar News