യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്റില്‍
പത്തനംതിട്ട: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസാണാണ് രാവിലെ അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. പോലിസ് അനുമതിയില്ലാതെ ജാഥ നടത്തി, പൊതുമുതല്‍ നശിപ്പിച്ചു, സംഘംചേര്‍ന്ന് ആക്രമിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരളയാത്രക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐയും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കേസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എംഎല്‍എ, എം വിന്‍സെന്റ് തുടങ്ങി അഞ്ഞൂറോളം പേര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്. രാഹുലിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ടുതവണ വൈദ്യപരിശോധന നടത്തി. ജാമ്യാപേക്ഷയില്‍ വാദം കേട്ട ശേഷം വഞ്ചിയൂര്‍ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാഹുലിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.