അഭയക്കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്‍ഷന്‍ പൂര്‍ണമായി പിന്‍വലിച്ചു
കൊച്ചി: ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്‍ഷന്‍ പൂര്‍ണമായി പിന്‍വലിച്ചു. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പെന്‍ഷന്‍ പിന്‍വലിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. കേസില്‍ കുറ്റക്കാരന്‍ ആണെന്ന സിബിഐ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്ത് ജാമ്യം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പെന്‍ഷന്‍ തടയരുതെന്ന് ആവശ്യപ്പെട്ട് ഫാദര്‍ തോമസ് കോട്ടൂര്‍ സര്‍ക്കാരിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം ബിസിഎം കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്ന കെഎസ്ആര്‍ ചട്ടപ്രകാരമാണ് അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട തോമസ് എം കോട്ടൂരിന്റെ പെന്‍ഷന്‍ ഇപ്പോള്‍ പൂര്‍ണമായി പിന്‍വലിച്ചിരിക്കുന്നത്.