സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന്; അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

വ്യാജ ഡിഗ്രിയും വെബ്‌സൈറ്റുകളും നിര്‍മിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും പ്രതിയുടെ പ്രവര്‍ത്തി നിമിത്തം സര്‍ക്കാരിന് ധനനഷ്ടം ഉണ്ടായി എന്നുമാണ് പരാതി.

Update: 2020-07-11 12:15 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് വ്യാജ ഡിഗ്രികള്‍ ഉള്‍പ്പെടെ സമ്പാദിച്ചത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. അഡ്വക്കേറ്റ് എം പ്രദീപാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. വ്യാജ ഡിഗ്രിയും വെബ്‌സൈറ്റുകളും നിര്‍മിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നും പ്രതിയുടെ പ്രവര്‍ത്തി നിമിത്തം സര്‍ക്കാരിന് ധനനഷ്ടം ഉണ്ടായി എന്നുമാണ് പരാതി.

സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റില്‍ പരാതി കിട്ടിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് നേരത്തെ സ്വപ്‌നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികള്‍ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടേത് എന്ന പേരില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബികോം ബിരുദദാരിയെന്ന് കാണിക്കാനായിരുന്നു സര്‍ട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സര്‍വകലാശാലയായ ഇവിടെ ബികോം കോഴ്‌സ് പോലുമില്ല. സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച് പോലിസ് അന്വേഷണവും നടക്കുന്നുണ്ട്. വന്‍ റാക്കറ്റാണ് ഇതിന് പിന്നിലുള്ളത്. സ്വപ്നയ്‌ക്കെതിരെ നേരിട്ട് സ്വമേധയാ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷണം ആവശ്യപ്പെടുമെന്നും കൺട്രോളർ ഓഫ് എക്‌സാമിനര്‍ ഡോ.വി എസ് സാഥെ പറഞ്ഞു. 

Tags:    

Similar News