പ്രളയ സെസ് ഉടന്‍; കുടുംബ ബജറ്റ് താളം തെറ്റും
ജൂണ്‍ ഒന്നുമുതല്‍ സെസ് നടപ്പാക്കുന്ന തരത്തില്‍ ഉത്തരവ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയസെസ് ജൂണില്‍ നിലവില്‍ വരും. ഇതോടെ നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ നികുതിയുള്ള ഉത്പന്നങ്ങള്‍ക്കെല്ലാം സംസ്ഥാനത്ത് വിലയേറുമെന്നാണ് റിപോര്‍ട്ടുകള്‍. ജൂണ്‍ ഒന്നുമുതല്‍ സെസ് നടപ്പാക്കുന്ന തരത്തില്‍ ഉത്തരവ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ്. അതുകൊണ്ടുതന്നെ കേരളത്തിന് പുറമെ നിന്ന് വാങ്ങുന്നവയ്ക്ക് സെസ് ഉണ്ടാകില്ല. രണ്ടുവര്‍ഷം സെസ് ഈടാക്കുന്നതിലൂടെ 600 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഒരു ശതമാനം പ്രളയസെസ് നടപ്പ് ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാന്‍ 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്. ഇതിന് പണം കണ്ടെത്താന്‍ വിദേശവായ്പകളും വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ സംഭാവനകളെയും കേന്ദ്രസഹായത്തെയും സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ മൊത്തശമ്പളവുമൊക്കെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നത്.
ജിഎസ്ടിക്ക് മേല്‍ രാജ്യവ്യാപകമായി ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി 2000 കോടി സമാഹരിക്കാനുള്ള നിര്‍ദ്ദേശവും സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചു. എന്നാല്‍ ഇത് ജിഎസ്ടി കൗണ്‍സില്‍ തള്ളുകയായിരുന്നു.