പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് വിശദീകരണം

2017 വരെയുള്ള നയതന്ത്രബന്ധ ഫയലുകളെല്ലാം പേപ്പർ ഫയലുകൾ.

Update: 2020-08-26 06:00 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തമുണ്ടാപ്പോൾ നശിച്ച ഫയലുകൾ സുരക്ഷിതമെന്ന വാദം പൊളിയുന്നു. പ്രോട്ടോക്കോൾ വിഭാഗത്തിലെ എല്ലാ ഫയലുകളും ഇ ഫയലുകളല്ലെന്ന് വിശദീകരണം. 2017 വരെയുള്ള നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പേപ്പർ ഫയലുകളാണ്. എന്നാൽ തീപ്പിടുത്തത്തിൽ ഈ ഫയലുകളൊന്നും കത്തിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ വിഭാഗത്തിൽ നിന്നും ലഭ്യമായ വിവരം.

നയതന്ത്രബന്ധവുമായി ബന്ധപ്പെട്ട ഫയലുകൾ തീപ്പിടുത്തത്തിൽ കത്തിനശിച്ചിട്ടില്ലെന്നും പ്രോട്ടോക്കോൾ വിഭാഗം അധികൃതർ ആവർത്തിക്കുന്നു. അതേസമയം, സെക്രട്ടേറിയറ്റിലെ എല്ലാ ഫയലുകളും ഇ ഫയൽ ആയതിനാൽ പ്രശ്നസാധ്യത ഇല്ലെന്നാണ് സർക്കാർ വിശദമാക്കിയിരുന്നത്. 2017നു ശേഷമുള്ള ഫയലുകളാണ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയത്. ഇതിനു മുൻപുള്ളത് പേപ്പർ ഫയലുകളാണ് ഇവ ഇ ഫയലുകളാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നാൽ ഇവ സൂക്ഷിച്ചിരിക്കുന്ന അലമാരയിൽ തീപ്പിടുത്തമുണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ സൂക്ഷിച്ചിരുന്ന അലമാരയിലാണ് തീപിടിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും കസ്റ്റംസും ആവശ്യപ്പെട്ട എല്ലാ ഫയലുകളും ഒപ്പുവെച്ച് കൈമാറിയിട്ടുണ്ടെന്നും പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും പറയുന്നു.


Tags:    

Similar News