സെക്രട്ടേറിയറ്റ് തീപ്പിടിത്തം: എസ്ഡിപിഐ മാർച്ചിന് നേരെ ജലപീരങ്കി; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു
സെക്രട്ടറിയേറ്റിനുള്ളില്‍ തീപ്പിടിച്ച് തന്ത്രപ്രധാനമായ പല രേഖകളും കത്തിനശിക്കാനിടയായ സംഭവം 'നയതന്ത്ര തീപ്പിടുത്ത' മാണെന്ന് സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ പറഞ്ഞു.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ തീപ്പിടിച്ച് തന്ത്രപ്രധാനമായ പല രേഖകളും കത്തിനശിക്കാനിടയായ സംഭവം 'നയതന്ത്ര തീപ്പിടുത്ത' മാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. സെക്രട്ടറിയേറ്റിനുള്ളില്‍ തീപ്പിടിത്തമുണ്ടായ സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നയതന്ത്ര ബാഗേജുവഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ കള്ളക്കടത്തു നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലാണ്. എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ പ്രോട്ടോക്കോള്‍ ഓഫിസിലെ ഫയല്‍ ആവശ്യപ്പെട്ടതിനിടെയാണ് അവിടെ തീപ്പിടുത്തമുണ്ടായത്. സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ നിരന്തരം സെക്രട്ടറിയേറ്റ് കയറിയിറങ്ങിയതിന്റെ തെളിവുകള്‍ ആവശ്യപ്പെട്ടപ്പോള്‍ അവിടുത്തെ സിസിടിവി കാമറകള്‍ ഇടിമിന്നിലില്‍ തകര്‍ന്നെന്നായിരുന്നു മറുപടി. ഇടിമിന്നലിലും തീപ്പിടുത്തത്തിലും സുരക്ഷിയില്ലാത്ത സ്ഥലമാണോ സെക്രട്ടറിയേറ്റെന്ന് അദ്ദേഹം ചോദിച്ചു. മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇപ്പോള്‍ ആര്‍ക്കാണ് ഭയമെന്ന് വ്യക്തമായിരിക്കുന്നു. തീപ്പിടിത്തം സംബന്ധിച്ച ഗൂഢാലോചന പുറത്തുകൊണ്ടുവരണം. പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കൊവിഡ് രോഗം ബാധിച്ച പശ്ചാത്തലത്തില്‍ ഓഫിസ് അടച്ചപ്പോള്‍ അവിടെയെത്തിയ രണ്ട് പേര്‍ ആരാണെന്നു വ്യക്തമാവേണ്ടതുണ്ട്. ഇത് അത്യന്തം ഗൗരവതരമാണ്. കൊവിഡ് രോഗവ്യാപന ഭീതിയില്‍ സ്വയം നിയന്ത്രിച്ച് വീട്ടില്‍ കഴിയേണ്ടവര്‍ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലം റോഡിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയിലാണ്. ചോദ്യങ്ങളുന്നയിക്കുന്ന മാധ്യമങ്ങളോട് കടക്കൂ പുറത്തെന്നു പറയുന്ന പിണറായി വിജയനോട് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നൂ മിസ്റ്റര്‍ പണറായി അധികാരത്തില്‍ നിന്നു കടക്കൂ പുറത്ത്. അഴിമതിയും തെളിവു നശിപ്പിക്കാനുമുള്ള ഗൂഢതന്ത്രങ്ങളും ആവര്‍ത്തിക്കുമ്പോള്‍ കേരളം ഐതിഹാസികമായ സമരത്തിന് വേദിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാളയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലിസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ സലാം വേലുശ്ശേരി നേതൃത്വം നല്‍കി.