എടിഎം മാതൃകയിൽ പാൽ കൗണ്ടറുകൾ വരുന്നു

ഉപഭോക്താവിന് ലഭിക്കുന്ന റീച്ചാര്‍ജ് കാര്‍ഡ് മെഷീനില്‍ ഇട്ടശേഷം ആവശ്യമായ പാല്‍ സ്‌ക്രീനില്‍ തെളിയുന്ന തുകയ്ക്ക് വാങ്ങാവുന്ന സംവിധാനമാണ് മില്‍കോ ഒരുക്കിയിരിക്കുന്നത്.

Update: 2019-10-22 08:15 GMT

തിരുവനന്തപുരം: എടിഎം കൗണ്ടറിന് സമാനമായ രീതിയില്‍ ആറ്റിങ്ങലില്‍ പാല്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കീഴാറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന മേല്‍കടയ്ക്കാവൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘമായ 'മില്‍കോ'യുടെ നൂതന സംരംഭമാണ് പാല്‍ എടിഎം. വിദേശ രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.

ആറ്റിങ്ങല്‍ വീരളത്ത് നാളെ ഉച്ചയ്ക്ക് 2.30ന് ക്ഷീരവികസന മന്ത്രി കെ രാജു സ്വിച്ച് ഓണ്‍ ചെയ്യും. പ്ലാസ്റ്റിക് കവറിന് പകരം പാത്രത്തില്‍ പാല്‍ വാങ്ങാം. പാല്‍വിതരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് പരിഹാരം കൂടിയാണ് ഈ സംരംഭം.

ഉപഭോക്താവിന് ലഭിക്കുന്ന റീച്ചാര്‍ജ് കാര്‍ഡ് മെഷീനില്‍ ഇട്ടശേഷം ആവശ്യമായ പാല്‍ സ്‌ക്രീനില്‍ തെളിയുന്ന തുകയ്ക്ക് വാങ്ങാവുന്ന സംവിധാനമാണ് മില്‍കോ ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് കിയോസ്‌ക് ആറ്റിങ്ങലില്‍ സ്ഥാപിക്കുന്നതെന്ന് മില്‍കോ പ്രതിനിധികള്‍ പറഞ്ഞു. പരീക്ഷണം വിജയകരമാകുന്ന മുറയ്ക്ക് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാരക രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന പാല്‍ ഒഴിവാക്കാനാകും. നാട്ടിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുവാന്‍ സംരംഭത്തിലൂടെ കഴിയുമെന്ന് മില്‍കോ പ്രതിനിധികള്‍ പറഞ്ഞു.

Tags:    

Similar News