ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. നെയ്യാർ ഡാമിനു സമീപമുള്ള ആശ്രമത്തിൽനിന്ന് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോട് കൊച്ചുവിളമൂട്ടിൽ നടന്ന വാഹനാപകടത്തിൽ നാലുപേർ മരിച്ചു. കായംകുളം പമ്പ ആശ്രമത്തിലെ സ്വാമി ഹരിഹര ചൈതന്യ, രാജൻബാബു, അനുരാഗ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. ലോറിയും മാരുതി ആൾട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ടോറസ്സ് ലോറിയും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുവച്ച് മരണപ്പെടുകയായിരുന്നു. നെയ്യാർ ഡാമിനു സമീപമുള്ള ആശ്രമത്തിൽനിന്ന് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.