ആറ്റിങ്ങലില്‍ 20 ലക്ഷത്തിന്റെ കള്ളനോട്ടുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്പില്‍ ഹൗസില്‍ ഷെമീര്‍ (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പത്രോസ് (61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍ തിട്ടയില്‍മുക്കില്‍ പിണര്‍വിളാകത്ത് വീട്ടില്‍ നാസര്‍ എന്ന് വിളിക്കുന്ന പ്രതാപന്‍ (48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബ്, മംഗലാപുരം സ്വദേശി റഷീദ് എന്ന ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2019-07-25 15:14 GMT

തിരുവനന്തപുരം: 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി അഞ്ചുപേര്‍ പോലിസ് പിടിയിലായി. കോഴിക്കോട് കുന്നമംഗലം പുല്‍പ്പറമ്പില്‍ ഹൗസില്‍ ഷെമീര്‍ (38), കടയ്ക്കാവൂര്‍ തെക്കുംഭാഗം തീര്‍ത്ഥം വീട്ടില്‍ രാജന്‍ പത്രോസ് (61), ചിറയിന്‍കീഴ് കൂന്തള്ളൂര്‍ തിട്ടയില്‍മുക്കില്‍ പിണര്‍വിളാകത്ത് വീട്ടില്‍ നാസര്‍ എന്ന് വിളിക്കുന്ന പ്രതാപന്‍ (48), പോത്തന്‍കോട് നന്നാട്ടുകാവില്‍ ബിലാല്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബ്, മംഗലാപുരം സ്വദേശി റഷീദ് എന്ന ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.

കള്ളനോട്ടടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി ഷെമീര്‍ ഉള്‍പ്പടെ നാലുപ്രതികളെയും ആറുലക്ഷത്തോളം രൂപയും ആറ്റിങ്ങല്‍ പോലിസ് ഇന്നലെയും ഇന്നുമായി പിടികൂടിയിരുന്നു. റൂറല്‍ പോലിസ് മേധാവി പി കെ മധുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് കിട്ടിയ വിവരം കോഴിക്കോട് പോലിസിന് കൈമാറുകയും കുന്നമംഗലത്തും ഫറോഖിലും റെയ്ഡ് നടത്തി കേസിലെ മറ്റൊരു പ്രതിയെയും വ്യാജനോട്ട് അടിക്കുന്ന ഉപകരണങ്ങളും 14 ലക്ഷം രൂപയും പിടികൂടുകയുമായിരുന്നു.

ആറ്റിങ്ങലിലെ ഒരു സ്വകാര്യാശുപത്രിയില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സ്വദേശി രാജന്‍ പത്രോസിനെ ആറ്റിങ്ങല്‍ സിഐ വി വി ദിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തതോടെയാണ് വന്‍ കള്ളനോട്ടുസംഘത്തിന്റെ ചുരുളഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ടടിക്കുന്ന പ്രധാനി ഉള്‍പ്പെടെ നാലുപേരെ ആറ്റിങ്ങല്‍ പോലിസ് പിടികൂടി. തുടര്‍ന്നാണ് ഉയര്‍ന്ന പോലിസ് അധികാരികളുടെ നിര്‍ദേശപ്രകാരം കോഴിക്കോട് പോലിസ് കുന്നമംഗലത്തും ഫറോഖിലും റെയ്ഡ് നടത്തി ഉപകരണങ്ങളും വ്യാജനോട്ടുകളും പിടിച്ചെടുത്തത്. കോഴിക്കോട് മുക്കം കള്ളന്തോട് നടത്തിയിരുന്ന ഡിടിപി സെന്ററിന്റെ മറവിലായിരുന്നു മുഖ്യപ്രതി ഷെമീര്‍ വ്യാജനോട്ടുകള്‍ നിര്‍മിച്ചിരുന്നത്.

ഒര്‍ജിനല്‍ നോട്ടുകളെ വെല്ലുന്ന രീതിയിലായിരുന്നു നോട്ടിന്റെ നിര്‍മാണം. മുമ്പ് ജയില്‍വാസമനുഭവിച്ചിട്ടുള്ള പ്രതി കള്ളനോട്ടുകേസില്‍ നേരെത്ത പിടിച്ചിട്ടുള്ളവരില്‍നിന്നും ലഭിച്ച ഉപദേശപ്രകാരമാണ് വ്യാജനോട്ട് നിര്‍മാണം ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ വ്യാജനോട്ട് വിതരണത്തിന്റെ ഏജന്റായിരുന്നു മംഗലാപുരം സ്വദേശി ഉണ്ണികൃഷ്ണന്‍. റഷീദ് എന്ന പേരില്‍ കോഴിക്കോട് ഫറോഖില്‍ വിവാഹം കഴിച്ച് താമസിക്കുന്ന ഇയാളെ കോഴിക്കോട് പോലിസാണ് അറസ്റ്റുചെയ്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി കെ എ വിദ്യാധരന്‍, ആറ്റിങ്ങല്‍ സിഐ വി വി ദിപിന്‍, എസ്‌ഐ എം ജി ശ്യാം എഎസ്‌ഐ വി എസ് പ്രദീപ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ എ സലിം, എസ് ജയന്‍, പ്രദീപ്, ബി ദിലീപ്, ഷിനോദ്, ഉദയകുമാര്‍ സിപിഒമാരായ ബിനു, ടി പി പ്രജീഷ്‌കുമാര്‍, ബിജു എസ് പിള്ള, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. 

Tags:    

Similar News