മൽസ്യത്തൊഴിലാളി പുനരധിവാസം: 2,450 കോടിയുടെ പുനര്‍ഗേഹം പദ്ധതിക്ക് ഭരണാനുമതി
വേലിയേറ്റരേഖയുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പദ്ധതിയുടെ ചെലവില്‍ 1,398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ബാക്കി തുക ഫിഷറീസ് വകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്.
തിരുവനന്തപുരം: മത്സ്യതൊഴിലാളികളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി 2,450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വേലിയേറ്റരേഖയുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പദ്ധതിയുടെ ചെലവില്‍ 1,398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ബാക്കി തുക ഫിഷറീസ് വകുപ്പിന്‍റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്.
580 കിലോമീറ്ററോളം കടല്‍ത്തീരമുള്ള കേരള തീരത്തെ പല കടപ്പുറങ്ങളും നിരന്തര കടലാക്രമണ ഭീഷണി നേരിടുന്നവയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 998.61 കോടിയും രണ്ടാം ഘട്ടത്തില്‍ 796.54 കോടിയും മൂന്നാം ഘട്ടത്തില്‍ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വേലിയേറ്റരേഖയുടെ 50 മീറ്റര്‍ ചുറ്റളവില്‍ കഴിയുന്ന 18,685 കുടുംബങ്ങള്‍ക്ക് ഭൂമിയും ഭവനവും നല്‍കും.
പുനരധിവാസപദ്ധതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കും നടപ്പാക്കുക. കൂടാതെ ജില്ലാതലത്തില്‍ കലക്ടറുടെ അധ്യക്ഷതയിലുള്ള സമിതി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തും.