പ്രളയസഹായ നിഷേധം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍: പി അബ്ദുല്‍ മജീദ് ഫൈസി

ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ച ബിജെപി സര്‍ക്കാര്‍ കേരളം ആവശ്യപ്പെട്ട 2,109 കോടിയില്‍ ഒരുരൂപ പോലും അനുവദിക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Update: 2020-01-07 11:50 GMT

കോഴിക്കോട്: പ്രളയനാശനഷ്ടത്തെ അതിജീവിക്കാന്‍ കേരളത്തിന് അര്‍ഹമായ സഹായം നിഷേധിക്കുന്ന മോദി സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയപകപോക്കലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ച ബിജെപി സര്‍ക്കാര്‍ കേരളം ആവശ്യപ്പെട്ട 2,109 കോടിയില്‍ ഒരുരൂപ പോലും അനുവദിക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ വിവേചനം 2018 ലെ പ്രളയത്തിലും കണ്ടതാണ്. ഇത് ബിജെപിയുടെ പ്രതികാരനടപടിയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക ബിജെപിയുടെ പാര്‍ട്ടി ഫണ്ട് പോലെ കൈകാര്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്.

കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകുല്യം പോലും നിഷേധിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കരുത്്. ഭരണഘടനാ വിരുദ്ധമായ പൗരത്വനിയമ ഭേദഗതിയെ ന്യായീകരിക്കാന്‍ വീടുകളിലെത്തുന്ന ബിജെപി നേതാക്കളെക്കൊണ്ട് കേന്ദ്രത്തിന്റെ വിവേചനാപരമായ നിലപാടിനെതിരേ മറുപടി പറയിക്കണമെന്നും മജീദ് ഫൈസി ഓര്‍മിപ്പിച്ചു. മുസ്തഫ കൊമ്മേരി (സംസ്ഥാന സെക്രട്ടറി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (സംസ്ഥാന സമിതി അംഗം), മുസ്തഫ പാലേരി (ജില്ലാ പ്രസിഡന്റ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News