പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: പോലിസ് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ അന്വേഷണ സംഘത്തിന് കുച്ചുവിലങ്ങിട്ടെന്ന് കോണ്‍ഗ്രസ്
പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പോലിസ് നല്ല രീതിയില്‍ ആരംഭിച്ച അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണെന്നും അന്വേഷണം സി പി എം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണ സംഘത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എം പി,എംഎല്‍എ മാരായ വി ഡി സതീശന്‍, പി ടി തോമസ്,ടി ജെ വിനോദ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.പ്രളയ ഫണ്ട് തട്ടിപ്പ് ശരിയായി അന്വേഷിച്ചാല്‍ സംസ്ഥാനം ഞെട്ടുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്നും ഇവര്‍ വ്യക്തമാക്കി
കൊച്ചി: പ്രളയദുരിതാശ്വസ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീണ്ടപ്പോള്‍ അന്വേഷണ സംഘത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നാരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പോലിസ് നല്ല രീതിയില്‍ ആരംഭിച്ച അന്വേഷണം ഇപ്പോള്‍ മന്ദഗതിയിലാണെന്നും അന്വേഷണം സി പി എം നേതാക്കളിലേക്ക് നീണ്ടതോടെ അന്വേഷണ സംഘത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എം പി,എംഎല്‍എ മാരായ വി ഡി സതീശന്‍, പി ടി തോമസ്,ടി ജെ വിനോദ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പ്രളയ ഫണ്ട് തട്ടിപ്പ് ശരിയായി അന്വേഷിച്ചാല്‍ സംസ്ഥാനം ഞെട്ടുന്ന വിവരങ്ങള്‍ പുറത്ത് വരുമെന്നും ഇവര്‍ വ്യക്തമാക്കി. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സി പി എം ജില്ലാ നേതൃത്വമാണ്. ഒളിവിലുള്ളവര്‍ പുറത്ത് വരുമ്പോള്‍ പോലിസ് കൃത്യമായി ചോദ്യം ചെയ്താല്‍ സി പി എം ജില്ലാ നേതൃത്വത്തിലെ പലരും തട്ടിച്ചെടുത്ത പണത്തിന്റെ പങ്ക് പറ്റിയതായി വ്യക്തമാകും. കൊവിഡിന്റെ മറവില്‍ അന്വേഷണം മരവിപ്പിച്ച് കേസ് തന്നെ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. മാത്രമല്ല കുറ്റപത്രം കൊടുക്കുന്നതിന് കാലതാമസമുണ്ടായാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള അവസരവുമുണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ലെനിന്‍ സെന്ററിലെ നിത്യസന്ദര്‍ശകനുമായ കലൂര്‍ കറുകപ്പിള്ളി സ്വദേശിയായ ഗുണ്ടാത്തലവനാണ് തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള കേസ് ഏകോപിപ്പിക്കുന്നത്. ഇയാളുടെ സാന്നിധ്യം കോടതിയിലും പോലിസ് സ്റ്റേഷനുകളിലുമുണ്ട്.
ഇയാള്‍ക്ക് ഈ കേസുമായും സി പി എം ജില്ലാ നേതൃത്വവുമായുള്ള ബന്ധത്തെപ്പറ്റിയും പോലിസ് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.അറസ്റ്റിലായതും ഒളിവിലുള്ളതുമായ പ്രതികളും അവരുടെ ബന്ധുക്കളും യഥാര്‍ഥ വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ഈ ക്രിമിനല്‍ അവരെ ഭീഷണിപ്പെടുത്തുകയാണെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ലോക്കല്‍ കമ്മിറ്റി അംഗവും വിവാദ ബാങ്കിലെ ഭരണ സമിതി അംഗവുമായിരുന്ന സിയാദ് വാഴക്കാലയുടെ ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നത് ഒരു പാര്‍ട്ടി എന്ന നിലയില്‍ സി പി എം എത്ര അധ:പതിച്ചു എന്നാണ്്.
പ്രളയ ദുരിതാശ്വാസം 10,000, 60,000, 1.25 ലക്ഷം, 2.5 ലക്ഷം തുടങ്ങിയ സ്ലാബുകളിലാണ് നല്‍കിയത്. ഈ സ്ലാബുകള്‍ മാറി കൂടുതല്‍ പണം അയച്ചതാണ് തട്ടിപ്പിന്റെ തുടക്കം. ഇങ്ങനെ അധികമായി 8.15 കോടി രൂപയാണ് അയച്ചിട്ടുള്ളത്. അധികമായി ലഭ്യമായ പണം തിരിച്ചു നല്‍കാന്‍ ജില്ലാ ഭരണകൂടം വ്യക്തികള്‍ക്ക് നോട്ടീസ് അയച്ചു. അവര്‍ തിരികെ നല്‍കിയ പണവും ചെക്കുകളുമാണ് തട്ടിപ്പിനിരയായത്. യഥാര്‍ഥത്തില്‍ ഈ വകയില്‍ എത്ര പണം സര്‍ക്കാരിലേക്ക് തിരിച്ചെത്തിയെന്ന കണക്ക് പോലും ജില്ലാ ഭരണകൂടത്തിന്റെ കയ്യിലില്ല. തട്ടിപ്പ് മൂലം ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നൂറു കണക്കിന് ആളുകള്‍ പ്രയാസപ്പെടുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.ജില്ലയിലെ സിപിഎം നേതാക്കളുടെ തട്ടിപ്പുകള്‍ മറച്ചു വെക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. പ്രളയ,കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ രീതിയിലാണ് ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികള്‍ പങ്കാളികളായതെന്ന് മുഖ്യമന്ത്രിയും ജില്ലയിലെ ചുമതലയുള്ള മന്ത്രിമാരും വരെ പറഞ്ഞിട്ടുണ്ട്. അത്തരം പദ്ധതികളുമായി ജനപ്രതിനിധികള്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.