അന്തരിച്ച വനപാലകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി
സര്‍ക്കാര്‍ ധനസഹമായ 7.5 ലക്ഷം രൂപയും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ യുടെ 1 ലക്ഷം രൂപയും ആണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. അടിയന്തിര ധന സഹായമായി ആദ്യം നല്‍കിയ 50000 രൂപയ്ക്ക് പുറമേ ആണിത്.
തൃശൂര്‍: വടക്കാഞ്ചേരി കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ മരണപ്പെട്ട മൂന്ന് വനപാലകരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു വിതരണം ചെയ്തു. സര്‍ക്കാര്‍ ധനസഹമായ 7.5 ലക്ഷം രൂപയും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ യുടെ 1 ലക്ഷം രൂപയും ആണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത്. അടിയന്തിര ധന സഹായമായി ആദ്യം നല്‍കിയ 50000 രൂപയ്ക്ക് പുറമേ ആണിത്.
വാളയാര്‍ വനപരിശീലന കേന്ദ്രത്തില്‍ നടന്ന പാസിംഗ് ഔട്ട് പരേഡ് ചടങ്ങില്‍ വെച്ചാണ് വനം ട്രൈബല്‍ വാച്ചര്‍ ദിവാകരന്റെ കുടുംബത്തിനുള്ള ധന സഹായം നല്‍കിയത്. താല്‍ക്കാലിക ജീവനക്കാരായ വടക്കാഞ്ചേരി കൊടുമ്പ് വട്ടപ്പറമ്പില്‍ ശങ്കരന്‍, എടവണ്ണ വളപ്പില്‍ വേലായുധന്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തിയാണ് മന്ത്രി ധന സഹായം കൈമാറിയത്.
സ്ഥിര ജോലിക്കാരനായ ദിവാകരന്റെ അവകാശിക്കുള്ള ആശ്രിത നിയമനം സംബന്ധിച്ച നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും താല്‍ക്കാലിക വാച്ചര്‍മാരുടെ അവകാശികള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ചെറുതുരുത്തിയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്‌റ്റേറ്റിലുണ്ടായ തീ പിടുത്തത്തിലാണ് വനപാലകരുടെ ജീവന്‍ നഷ്ടപെട്ടത്. മുഖ്യ വനം മേധാവി പി കെ കേശവന്‍, എപിസിഎഫ് രാജേഷ് രവീന്ദ്രന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എ രഞ്ജന്‍,വിനോദ് തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.