മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഒളിംപ്യന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു
1960ലെ റോം ഒളിംപിക്‌സില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ചന്ദ്രശേഖരന്‍. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു
കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഒളിംപ്യന്‍ ചന്ദ്രശേഖരന്‍(86) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1960ലെ റോം ഒളിംപിക്‌സില്‍ കളിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ചന്ദ്രശേഖരന്‍. 1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. 1956 ല്‍ കാള്‍ടെക്‌സ് ലൂടെയാണ് ചന്ദ്രശേഖരന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
രണ്ടു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടി.പിന്നീട് സ്റ്റേറ്റ് ബാങ്കിനു വേണ്ടിയും ബൂട്ടണിഞ്ഞു.1964 ല്‍ എഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു.മെര്‍ഡേക്ക ടൂര്‍ണമെന്റിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്
കളിക്കളം വിട്ട ശേഷം എഫ് സി കൊച്ചിന്റെ ജനറല്‍ മാനേജറായും പ്രവര്‍ത്തിച്ചിരുന്നു.അസുഖ ബാധിതനായതിനെ തുടര്‍ന്ന് നാളുകളായി എറണാകുളം എസ് ആര്‍ എം റോഡിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.കേരളത്തിന്റെ സന്തോഷ് ട്രോഫി ചരിത്രത്തില്‍ ഈ ഒളിംപ്യന്റെ പേരില്ലെങ്കിലും മഹാരാഷ്ട്ര ടീം നായകന്‍ എന്ന നിലയില്‍ 1963 ല്‍ സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ ചന്ദ്രശേഖരനാണ് ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി.