'വായു' ഗതിമാറുന്നു; ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം
ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാക്കില്ല. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി 'വായു' കടന്നുപോവും. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്.
ന്യൂഡല്‍ഹി: അറബിക്കലില്‍ രൂപംകൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ 'വായു' ചുഴലിക്കാറ്റിന്റെ ഗതി മാറി സഞ്ചരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാക്കില്ല. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി 'വായു' കടന്നുപോവും. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായുവിന്റെ ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതിയൊഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റുമുണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
മാത്രമല്ല, കടല്‍ക്ഷോഭം ശക്തമാവുമെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ കൊങ്കണ്‍ മേഖലയിലെ ബീച്ചുകളില്‍നിന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 165 മുതല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്തില്‍ മൂന്നുലക്ഷം പേരെ ഒഴിപ്പിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 52 സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോഴും കനത്ത ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം വായു ചുഴലിക്കാറ്റില്‍ ആദ്യത്തെ മരണം മുംബൈയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
മുംബൈയില്‍ അതിശക്തമായി വീശിയ കാറ്റില്‍ ഹോര്‍ഡിങ് തകര്‍ന്ന് വീണാണ് 62കാരനായ മധുകര്‍ നര്‍വേകര്‍ എന്ന കാല്‍നട യാത്രികനാണ് മരിച്ചത്. ഇദ്ദേഹം ചര്‍ച്ച് ഗേറ്റ് റെയില്‍വെ സ്‌റ്റേഷന് സമീപത്ത് കൂടി നടന്നുപോവുമ്പോള്‍ 81 അടി നീളവും 54 അടി വീതിയുമുള്ള മഹാത്മാഗാന്ധിയുടെ കൂറ്റന്‍ മ്യൂറല്‍ പെയിന്റിങിന്റെ ക്ലാഡിങ് താഴേക്ക് പതിക്കുകയായിരുന്നു.
ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കും. മൂന്നുമുതല്‍ നാലുമീറ്റര്‍ വരെ ഉയരമുളള തിരയടിക്കാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.