'വായു' ഒമാന്‍ തീരത്തേക്ക്; ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തില്‍ കനത്ത നാശനഷ്ടം

ഗുജറാത്ത് തീരത്തുനിന്ന് ഗതിമാറി 'വായു' വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് തീരത്തിന് സമാന്തരമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒമാന്‍ തീരത്തേക്കാണ് വായു സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

Update: 2019-06-14 02:46 GMT

ന്യൂഡല്‍ഹി: 'വായു' ചുഴലിക്കാറ്റ് തീരം തൊടാതെ പോയെങ്കിലും ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ വിതച്ചതായി റിപോര്‍ട്ട്. ഗുജറാത്ത് തീരത്തുനിന്ന് ഗതിമാറി 'വായു' വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് തീരത്തിന് സമാന്തരമായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഒമാന്‍ തീരത്തേക്കാണ് വായു സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ഗുജറാത്തിലെ തീരദേശ ജില്ലകളിലാണ് 'വായു' പ്രഭാവത്തിലുണ്ടായ കാറ്റിലും മഴയിലും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.


സൗരാഷ്ട്ര, കച്ച് മേഖലകളില്‍ അഞ്ഞൂറിലധികം ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ട്രെയിന്‍, റോഡ് ഗതാഗതവും തടസ്സപ്പെട്ടു. 86 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും 37 എണ്ണം തിരിച്ചുവിടുകയും ചെയ്തു.

അഞ്ച് വിമാനത്താവളങ്ങളും ഇന്നലെ അര്‍ധരാത്രി വരെ അടച്ചിട്ടു. കനത്ത മഴയില്‍ മലയിടിച്ചിലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 135-145 കിലോമീറ്റര്‍ വേഗതയിലാണ് 'വായു' ചുഴലിക്കാറ്റ് സഞ്ചരിച്ചിരുന്നത്. ഇതിന്റെ വേഗത ഗുജറാത്ത് തീരത്ത് 90-100 കിലോമീറ്ററിലേക്ക് കുറഞ്ഞിരുന്നുവെങ്കിലും വന്‍തോതിലുള്ള നാശനഷ്ടമാണുണ്ടാക്കിയത്.

ഗുജറാത്തിലെ തീരദേശ ജില്ലകളായ ഗിര്‍ സോമനാഥ്, ജുനാഗദ്, ജാംനഗര്‍, പോര്‍ബന്ദര്‍, അമ്രേലി, ഭാവനഗര്‍, ദേവഭൂമി, ദ്വാരക, ദിയു എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ കാറ്റും മഴയും 48 മണിക്കൂര്‍കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ജയന്ത് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ഗുജറാത്തില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതുവരെ 3 ലക്ഷം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കര, വ്യോമ, നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനത്തിനായി മേഖലയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. 

Tags:    

Similar News