വാഷിങ്ടണ്‍: ആറുമാസത്തോളമായി ഫലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്രായേല്‍ സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎസും കനത്ത ജാഗ്രതയില്‍. ദമാസ്‌കസിലെ കോണ്‍സുലേറ്റില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഇറാനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഇസ്രായേല്‍ ആവര്‍ത്തിച്ച് ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇറാനിയന്‍ നയതന്ത്ര കെട്ടിടത്തിന് നേരെ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്. അതിനാല്‍ തന്നെ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ പ്രസ്താവനയെ വെറുംവാക്കായി കാണാന്‍ ഇസ്രായേലും അമേരിക്കയും തയ്യാറായിട്ടില്ല. യുദ്ധത്തിന് തയ്യാറാണെന്നും ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രസ്താവിച്ചുകഴിഞ്ഞു. ആക്രമണം നടന്നതുമുതല്‍ ഇസ്രായേല്‍ ജാഗ്രതയിലാണ്. സൈനികരുടെ അവധി റദ്ദാക്കുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജിപിഎസ്-നാവിഗേറ്റഡ് ഡ്രോണുകളോ മിസൈലുകളോ തൊടുത്തുവിടാന്‍ സാധ്യതയുള്ളതിനാല്‍ മിസൈലുകളുടെ ഗതി തടസ്സപ്പെടുത്താന്‍ ടെല്‍ അവീവിനു മുകളിലൂടെ നാവിഗേഷന്‍ സിഗ്‌നലുകള്‍ വരെ ഇല്ലാതാക്കിയിരിക്കുകയാണ്.
ഇസ് ലാമിക വിപ്ലവകാലം മുതല്‍ ഇസ്രായേലിനെയും യുഎസിനെയും ഇറാന്‍ ഒരേ കണ്ണിലൂടെയാണ് കാണുന്നത്. ഇപ്പോഴത്തെ ഇറാന്‍ സര്‍ക്കാര്‍ ഇസ്രായേലിനെ 'ചെറിയ ചെകുത്താന്‍' എന്നും യുഎസിനെ 'വലിയ ചെകുത്താന്‍' എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ ആണവ ശേഷിയാണ് ഇരുരാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നതത്. ഇസ്രായേലും ഇറാനും തമ്മില്‍ പലപ്പോഴും ആക്രമണങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇരുരാജ്യങ്ങളും നിഷേധിക്കുകയാണ് പതിവ്. അതിനാല്‍ തന്നെ ഇതിനെ 'നിഴല്‍ യുദ്ധം' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നിഴല്‍ യുദ്ധത്തില്‍ ലെബനാനും പങ്കാളിയാവുന്നുണ്ട്. ലെബനാനിലേക്കുള്ള ഇസ്രായേല്‍ നുഴഞ്ഞുകയറ്റവും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങളും സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ട്. സിറിയയിലെ ആഭ്യന്തരയുദ്ധവും സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത ഉറപ്പായതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.