സുഹൃത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദനം; നാലംഗ സംഘം പിടിയില്‍

കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്‍ പിലാത്തോട്ടത്തില്‍ മുനീര്‍ (40) താമരശ്ശേരി തിയ്യര്‍തൊടുക വീട്ടില്‍ ഫാസില്‍ അലി (28), എളേറ്റില്‍ ചീനംതാപൊയില്‍ വീട്ടില്‍ അലി (62) എന്നിവരെയാണ് സി ഐ കെ എസ് ജയന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

Update: 2022-07-02 01:45 GMT

കല്‍പ്പറ്റ: സുഹൃത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച നാലംഗ സംഘം പടിഞ്ഞാറത്തറ പോലിസിന്റെ പിടിയിലായി. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ സ്വദേശിയെയാണ് സംഘം തട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളിലെത്തിച്ച് മര്‍ദ്ദിച്ചത്.

കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്‍ പിലാത്തോട്ടത്തില്‍ മുനീര്‍ (40) താമരശ്ശേരി തിയ്യര്‍തൊടുക വീട്ടില്‍ ഫാസില്‍ അലി (28), എളേറ്റില്‍ ചീനംതാപൊയില്‍ വീട്ടില്‍ അലി (62) എന്നിവരെയാണ് സി ഐ കെ എസ് ജയന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പന്തിപ്പൊയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയും കാറില്‍ വെച്ചും, രഹസ്യ സ്ഥലങ്ങളിലെത്തിച്ചും മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ തട്ടിപ്പറിക്കുകയും ചെയ്യുകയായിരുന്നു.

ഇതിനിടെ, മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ താമരശ്ശേരിയില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതിനിടയില്‍ യുവാവ് സമീപത്തെ പള്ളിയിലേക്ക് ഓടി രക്ഷപ്പെടുകയും വിവരം അവിടെയുള്ളവരെ ധരിപ്പിക്കുകയുമായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍ പരാതി പ്രകാരം പടിഞ്ഞാറത്തറ പോലിസ് കേസെടുത്ത് കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ആര്‍സി ഉടമയെ കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്‌ഐ മുരളീധരന്‍, എസ്‌സിപിഒ ജംഷീര്‍, സിപിഒ നിസാബ് പാലക്കല്‍, ശ്രീജേഷ്, അനില്‍കുമാര്‍, സജീര്‍, സലാം, വിപിന്‍, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News